
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സിന്റെ മേധാവിയായാണ് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ കേന്ദ്ര തീരുമാനത്തോട് വിയോജിച്ച അലോക് വര്‍മ്മ കേന്ദ്രസര്‍വീസില്‍ നിന്ന് തന്നെ രാജിവച്ചിരുന്നു.
അതേസമയം അലോക് വര്‍മ്മയുടെ രാജി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. അദ്ദേഹത്തോട് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്ഡ്സില് ചുമതലയേല്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. വ്യാഴാഴ്ച ചുമതലയേല്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അദ്ദേഹം വിരമിക്കുന്ന തീയതി കൂടിയാണ് ഇന്ന്.
എന്നാല്‍ വര്‍മ്മ വഴങ്ങിയില്ല. അദ്ദേഹത്തിന്റെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ അലോക് വര്‍മ്മയുടെ പെന്ഷന് ആനുകൂല്യങ്ങള്‍ അടക്കം തടഞ്ഞുകൊണ്ട് വകുപ്പുതല നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാര്‍ത്തയോട് അലോക് വര്‍മ്മ പ്രതികരിച്ചിട്ടില്ല.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനമായ ഇന്ന് സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അലോക് വര്‍മ്മയ്ക്ക് കത്ത് നല്‍കിയത്.







Comments