
പത്തനംതിട്ട: കടപ്ര റെയ്ച്ചല്‍ കൊലക്കേസിലെ പ്രതി പരുമല കൊട്ടയ്ക്കാമാലി കോളനിയില്‍ സബീര്‍ വയോധികമാരെ ആക്രമിച്ച് തന്റെ ഇംഗിതത്തിന് വശംവദനാക്കുന്ന പ്രത്യേക മാനസികാവസ്ഥയുള്ള മനോരോഗി. എന്നാല്‍ കേസില്‍ പോലീസ് ആദ്യം സംശയിച്ചത് റെയ്ചലില് നിന്നും അകന്നു കഴിയുന്ന സ്വന്തം മകനെയായിരുന്നു. എന്നാല്‍ മാതാവിനെ ബലാല്ക്കാരം ചെയ്യാന്‍ മകന് തയാറാകുമോ എന്ന ചോദ്യം ബാക്കിയായി.
പുലര്‍ച്ചെ മീന്‍വാങ്ങാന്‍ പോയ വൃദ്ധയെ കടന്നു പിടിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ തിരുവല്ല പോലീസിന്റെ പിടിയിലായത്. അന്ന് സി.ഐയും ഇപ്പോള്‍ കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുമായ സഖറിയ മാത്യു നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍പ് സമാനരീതിയില്‍ നടത്തിയ ബലാല്സംഗങ്ങള് എല്ലാം ഇയാള്‍ തുറന്നു പറഞ്ഞു. അങ്ങനെയാണ് റെയ്ച്ചലിന്റെ കൊലപാതകി താനാണെന്ന് സബീര്‍ വെളിപ്പെടുത്തിയത്. സബീര്‍ ലോക്കല്‍ പോലീസിന്റെ പിടിയിലായതു കൊണ്ട് രക്ഷപ്പെട്ടത് റെയ്ച്ചലിന്റെ ഏക മകനാണ്.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന് തുമ്പു കിട്ടാതെ വന്നപ്പോള്‍ അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. അവരുടെ അന്വേഷണം മാതാവില്‍ നിന്ന് അകന്നു കഴിയുന്ന ഏക മകനെ കേന്ദ്രീകരിച്ചായിരുന്നു. റെയ്ച്ചലിന്റെ ഭര്‍ത്താവ് പുരോഹിതനായിരുന്നു. ഇവരുടെ പേരില്‍ 50 സെന്റ് സ്ഥലവും ഉണ്ടായിരുന്നു. ക്രൈംബ്രാഞ്ച് സ്വന്തം മകനെ സംശയിക്കാന്‍ കാരണമായത് ഈ ഭൂമിയായിരുന്നു. സ്വത്തിന് വേണ്ടി മകന് നേരിട്ടോ, അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചോ മാതാവിനെ കൊലപ്പെടുത്തിയിരിക്കാമെന്നായിരുന്നു നിഗമനം.
മകനെ നാര്‍ക്കോ അനാലിസിസിനും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അഭിഭാഷകന് മുഖേനെ മകന് ഇത് എതിര്‍ത്തു. ഇതോടെ മകനെതിരായ സംശയം ബലപ്പെട്ടു. മകന് അമ്മയെ ബലാത്സംഗം ചെയ്യുമോ എന്ന സംശയത്തിന് ഉത്തരം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കേയാണ് യാദൃശ്ചികമായി സബീര്‍ പോലീസിന്റെ വലയിലാകുന്നത്.
സമാന കേസുകളില്‍ ഇയാള്‍ നേരത്തേയും അകപ്പെട്ടിരുന്നു. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളും മറ്റ് അടയാളങ്ങളും ഉണ്ടാക്കുന്ന രീതി സബീറിന്റേതിനോട് സമാനമായിരുന്നു. അങ്ങനെയാണ് സി.ഐ. സഖറിയ മാത്യു ഇയാളെ നന്നായി കുടഞ്ഞത്. അന്ന് സബീറിന്റെ വായില്‍ നിന്നു വന്ന വാക്കുകള്‍ അക്ഷരാഥത്തില്‍ രക്ഷിച്ചത് ഒരു നിരപരാധിയെ കൂടിയായിരുന്നു. നിലവില്‍ തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്.ഐ ട്രെയിനികള്‍ക്ക് പഠിക്കാനുള്ള പ്രത്യേക കേസുകളില്‍ ഇതും ഉള്‍പ്പെട്ടിരിക്കുന്നു.






