
ഡല്‍ഹി: നടക്കാനിരിക്കന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം ചേരും. അമേരിക്കന്‍ ഹാക്കറായ സയിദ് ഷൂജ താന്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് പ്രധാന വിഷയമായി ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. നേരത്തേ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ലണ്ടനിലെ ഒരു പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് വോട്ടിഗ് യന്ത്രം തിരിമറി നടത്തിയിട്ടുണ്ടെന്ന ആരോപണം സയിദ് ഷൂജ വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ബിജെപിയ്ക്കെതിരേ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത് വരികയായിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് എസ്പി, ബിഎസ്പി സഖ്യവും രംഗത്ത് വന്നു. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരുന്നതും.
എന്നാല്‍ ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ ആയിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും പറഞ്ഞു. ഇലക്രേ്ടാണിക് വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പ് കണ്ടെത്താന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് പരിശീലനം നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് വിഷയം കോണ്‍ഗ്രസ് വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംശയിച്ച് രംഗത്ത് വന്നതോടെ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ട്. ഇരുപതു വര്‍ഷമായി ഇന്ത്യയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ്. വോട്ടിംഗ് മെഷീന് ഉപയോഗിച്ച് പോളിംഗിന്റേയും വോട്ടെണ്ണലിന്റേയും കാലതാമസം ഒഴിവാക്കാനും കാര്യക്ഷമമായും സുരക്ഷിതത്വത്തോടെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനും ഇതിലൂടെ കഴിയുന്നതായി അവര്‍ പറഞ്ഞു.






