
കാന്‍ബറ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നെയ്ക്ക് ഗുരുതര പരിക്ക്. മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ് കാന്‍ബറയില്‍ ആശങ്കയുടെ നിഴല്‍ വിരിച്ച് താരം നിലത്ത് വീണത്. ബൗണ്‍സര്‍ ഏറ്റ് താരം നിലത്തു വീണതിനു പിന്നാലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ഓസ്ട്രേലിയയുടെ 534 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി ലഹിരു തിരിമാന്നെയ്ക്കൊപ്പം ദിമുത് കരുണരത്നയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ശ്രീലങ്കന്‍ സ്കോര്‍ മുന്നോട്ട് നീക്കുന്നതിനിടെയാണ് 31-ാം ഓവറില്‍ പാറ്റ് കമ്മിന്‍സിന്റെ നാലാം പന്ത് താരത്തിന്റെ കഴുത്തിനു പിന്നില്‍ ഇടിച്ചത്. 46 റണ്‍സ് എടുത്തു നില്‍ക്കവെയാണ് പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ശ്രീലങ്കന്‍ ഓപ്പണറെ വീഴ്ത്തിയത്.
നിലത്തു വീണ താരത്തിനടുത്തേക്ക് ഓസീസ് താരങ്ങളും അംപയര്‍മാരും ഓടിയെത്തി. പിന്നാലെ ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളുടെ ഫിസിയോമാരും മൈതാനത്തേയ്ക്കെത്തി. എന്നാല്‍ വേദന കലശമാണെന്ന് അറിയിച്ചതോടെ താരത്തെ സ്ട്രച്ചറില്‍ മൈതാനത്തു നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു.






