
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ട ജനകീയ മുന്നണി നടത്തിയ സമരം വിജയം. സമരക്കാരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയില്‍ അഞ്ചാം ദിവസം സമരം ഒത്തുതീര്‍പ്പായി.
2017ലെ മെഡിക്കല്‍ പരിശോധനയില്‍ ബയോജളിക്കല്‍ പോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെടെ 1905 പേരില്‍ 100ല്‍ താഴെ ആളുകളെയാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പെന്ഷന് നല്കാന് തീരുമാനിച്ചിരുന്നു. അവശേഷിക്കുന്നവരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ഇതുപ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് അറിയിച്ചു. പഞ്ചായത്ത് അതിര്‍ത്തി പരിഗണിക്കാതെ ദുരിതബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.
അനുഭാവപൂര്‍വ്വമായ നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സെക്രട്ടറിയറ്റിനു മുന്നിലെ സമരസമിതി പന്തലില്‍ എത്തി സമരം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
സമരം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. സമരക്കാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട മാര്‍ച്ച് നടത്തിയതോടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധമായി സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി ആദ്യം ചര്‍ച്ച നടത്തി. സമരക്കാരോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സമരം നാലു ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലായിരുന്നു ഇന്ന് സങ്കടമാര്‍ച്ച് പ്രഖ്യാപിച്ചത്. ശനിയാഴ്ച സര്‍ക്കാരും സമരക്കാരും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നിശ്ചയിച്ചത്. കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും സമരത്തിനു പിന്നിലെ താല്പര്യവും ലക്ഷ്യവും അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അര്‍ഹരായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എട്ടു കുടുംബങ്ങള്‍ പട്ടിണി സമരം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെയും ഉള്‍പ്പെടുത്തിയായിരുന്നു സമരം.
ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കാല്‍നടയായാണ് ക്ലിഫ് ഹൗസിലേക്ക് പോകുന്നത്. കുട്ടികളെ വാഹനത്തില്‍ ക്ലിഫ് ഹൗസിനു മുന്നില്‍ എത്തിക്കും. ആരോഗ്യമന്ത്രിക്ക് കുറ്റബോധം ഉള്ളതുകൊണ്ടാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ദയാബാദയി അഭിപ്രായപ്പെട്ടു. കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, അവരുടെ ദയനീയസ്ഥിതി ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയും കുറെ കുട്ടികള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടെയെന്നും ദയാബായി മറുപടി നല്‍കിയിരുന്നു.
മന്ത്രിയുടെ വിമര്‍ശനങ്ങളെയൊക്കെ സമരത്തിന്റെ വിലയായി കണക്കാക്കുന്നുവെന്നം ദയാബായി പിന്നീട് പ്രതികരിച്ചു.






