
പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രീയം വിടുന്ന അന്ന് താനും വിരമിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനുമാണ് തനിക്ക് പ്രചോദനമെന്നും എബി വാജ്പേയി എല്‍കെ അദ്വാനി എന്നിവരുടെ കാലത്ത രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നെന്നും പറഞ്ഞു.
പൂനെയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ എബി വാജ്പേയിയെ പോലെ മികച്ച നേതാക്കള്‍ക്ക് കീഴിലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലവില്‍ അതുപോലുള്ള നേതാവായ മോഡിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മോഡി രാഷ്ട്രീയം ജീവിതത്തില്‍ നിന്നും വിരമിച്ചാല്‍ അന്ന് താനും പണി നിര്‍ത്തും.
തന്റെ രാജ്യത്തിനും തന്റെ സമൂഹത്തിനും എത്രമാത്രം ജീവിതം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഈ സ്വാതന്ത്ര്യം കൊണ്ട് എന്ത് പ്രയോജനമെന്ന് സ്മൃതി ചോദിച്ചു. മോഡിക്കപ്പുറത്ത് എബി വാജ്പേയിക്കും എല്‍കെ അദ്വാനിക്കും കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 18 വര്‍ഷമായി ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജ്നാഥ് സിംഗിനോ നിതിന്‍ ഗഡ്ക്കരിക്കോ കീഴില്‍ ജോലി ചെയ്യാനായിട്ടില്ല.
അമേഠിയില്‍ രാഹുലിനെതിരേ വീണ്ടും മത്സരിക്കുമോ ഇല്ലയോ എന്ന കാര്യമെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായാണ്. 2014 ല്‍ രാഹുലിനെതിരേ മത്സരിക്കാന്‍ എത്തുമ്പോള്‍ ഈ സ്മൃതി ആരാണ് എന്ന് ആള്ക്കാര് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 2019 ല്‍ താനാരാണെന്ന് അവര്‍ക്ക് കൃത്യമായിട്ട് അറിയാം.
സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും താരം പറഞ്ഞു. പ്രശസ്തരും പ്രമുഖരുമായ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലമാണ് പലപ്പോഴും ട്രോളുകള്‍ക്ക് പാത്രമാകുന്നത്. അവര്‍ക്കൊപ്പം തന്നെ പരിഗണിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും പറഞ്ഞു. കടുത്ത മത്സരമുള്ളപ്പോള്‍ രാഷ്ട്രീയത്തില്‍ യാത്ര നടത്തുകയും സ്വന്തം പാത വെട്ടിത്തുറക്കുകയും ചെയ്ത സുഷമാ സ്വരാജും സുമിത്രാ മഹാജനുമാണ് തനിക്ക് പ്രചോദനമെന്നും പറഞ്ഞു.






