
ന്യൂയോര്‍ക്ക് : നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗങ്ങളാണോ? ലോകം മുഴുവന്‍ അടക്കി ഭരിക്കുന്ന ഏറ്റവും കരുത്താര്‍ന്ന രാജ്യത്തിന്റെ തലവനായിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യം ഇപ്പോഴും സംശയം തീര്‍ന്നിട്ടില്ല. അല്ലെന്നും അവ അയല്‍രാജ്യങ്ങളാണെന്നും ആരെങ്കിലും പറഞ്ഞാല്‍ ഇന്ത്യയുടെ മാപ്പ് എടുത്തുവെച്ച് താന്‍ പറഞ്ഞ കാര്യം സ്ഥാപിക്കാന്‍ പോലും ട്രംപ് തയ്യാറാകും. ട്രംപിന്റെ ഈ അജ്ഞതയും സ്വഭാവത്തിലെ വൈചിത്ര്യത്തെക്കുറിച്ചും പരാതി പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ദക്ഷിണേഷ്യയെക്കുറിച്ച് കാര്യമായ ധാരണ ഒന്നുമില്ലാത്ത ട്രംപ് നേപ്പാളിനെ ഉച്ചരിക്കുന്നത് 'നിപ്പിള്‍' എന്നാണത്രേ. ഭൂട്ടാനെ പറയുന്നത് 'ബട്ടണ്‍സ്' എന്നും. അജ്ഞതയും മണ്ടത്തരങ്ങളും പരീക്ഷിക്കുന്ന ട്രംപിനെ കൊണ്ടു തങ്ങള്‍ തോറ്റിരിക്കുകയാണെന്നും തിരുത്തിക്കൊടുത്താല്‍ തെറ്റു സമ്മതിക്കാന്‍ കൂട്ടാക്കാതെ മുട്ടായുക്തി ഉപയോഗിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പറയുന്നവരോട് ശത്രുത വെച്ചു പുലര്‍ത്തുമെന്നും പറയുന്നു. ടൈം മാഗസിന് നടത്തിയ സര്‍വേയില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ പലരും പ്രസിഡന്റിന്റെ അഞ്ജതയെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താന്‍ തയ്യാറായി.
വസ്തുതാപരമായ ചെറിയ കാര്യങ്ങളിലാണ് ട്രംപ് തര്‍ക്കം നടത്താറുള്ളത്. ഇന്റലിജന്റസ് ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റിന്റെ ശുദ്ധ മണ്ടത്തരങ്ങള്‍ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തെളിയിച്ചാലും ട്രംപ് മുടന്തന്‍ ന്യായം കണ്ടെത്തി അതിനെ പ്രതിരോധിക്കും. അതേസമയം വാദപ്രതിവാദം നടത്തി പ്രസിഡന്റിന്റെ ആത്മവിശ്വാസം തകര്‍ക്കരുത് എന്നും തര്‍ക്കിച്ച് സമയം കളയുന്നതിന് പകരം പ്രസിഡന്റ് തെറ്റുപറഞ്ഞാലും അംഗീകരിച്ചു കൊടുത്തേക്കാനുമാണ് ചില ഉന്നതോദ്യോഗസ്ഥര്‍ ഉപദേശിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷമായി ഇതെല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുകയാണെന്നും അനേകം കാര്യങ്ങളില്‍ നല്കിയ മുന്നറിയിപ്പുകള്‍ പോലും ട്രംപ് ഗൗരവമായി എടുത്തില്ലെന്നും ഇവര്‍ പറയുന്നു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നല്കിയ നിര്‍ദേശങ്ങള്‍ ട്രംപ് അവഗണനയോടെ ആയിരുന്നു എടുത്തതെന്നും ഇവര്‍ പറയുന്നു. ട്രംപ് ഈ രീതിയില്‍ നീങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ഥ തന്നെ മാറിപ്പോകുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. നിരന്തരം ഉപദേശിക്കുകയും തിരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരോട് ട്രംപിന് വിദ്വേഷം ഉണ്ടാകാറുണ്ടെന്നും ഒടുവില്‍ പ്രസിഡന്റിന്റെ അതൃപ്തി പിടിച്ചു വാങ്ങിക്കേണ്ട കാര്യമില്ലല്ലോ എന്നു കരുതി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യം പോലും വിഴുങ്ങാറാണ് പതിവെന്നുമാണ് സൂചനകള്‍. രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് പലര്‍ക്കും ഇപ്പോള്‍. ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് എതിരേ ഇതാദ്യമായിട്ടാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി പ്രതികരിക്കുന്നത്.






