
ന്യുഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ സി.ബി.ഐ നോട്ടമിട്ട കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംരക്ഷിക്കുന്നതിനു പിന്നില്‍ ഇതുവരെ വെളിച്ചം കാണാത്ത പല രഹസ്യങ്ങളും ഉള്ളതിനാലാണെന്ന് ബി.ജെ.പി. ചിട്ടി ഫണ്ട് തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും രാജീവ് കുമാറിനറിയാം. സി.ബി.ഐ ഏതാനും ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ വന്നപ്പോഴാണ് ആ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഒരു പോലീസ് ഓഫീസറെ സംരക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രി ധര്‍ണ്ണയിരിക്കുന്ന അസാധാരണ സാഹചര്യമാണിത്. അന്വേഷണത്തിനായി പോയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്ന അാസാധരണ സാഹചര്യവുമാണിത്. മമതയുടെ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ്. ആരെയാണ് മമത രക്ഷിക്കാന്‍ ശ്രമിക്കുന്നത്? എന്തിനാണ് അവര്‍ ധര്‍ണ്ണയിരിക്കുന്നത്. പോലീസ് കമ്മീഷണറെ രക്ഷിക്കാനാണോ സ്വയം രക്ഷയാണോ അവര്‍ നോക്കുന്നത്. എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞൂ.
ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പിമാരേയും എം.എല്‍.എമാരേയുമാണ് ഇതിനകം അറസ്റ്റു ചെയ്ത് ജയിലിയില് അടച്ചിരിക്കുന്നത്. കുനാല്‍ ഘോഷ്, അഞ്ജയ് ബോസ് സുദീപ് ബന്ദേപാധ്യായ, തപസ് പാല്, മദന്‍ മിത്ര എന്നിവര്‍ ഇതിനകം അറസ്റ്റിലായി കഴിഞ്ഞു. അപ്പോഴൊന്നും മമതയ്ക്ക് എതിര്‍പ്പില്ലായിരുന്നു. എന്തിനാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്? തട്ടിപ്പിലൂടെ കുന്നുകൂടിയ പണം എവിടേക്ക് ഒഴുകിയതെന്ന് അറിയാവുന്ന ഇടനിലക്കാര്‍ ഒരു ചുവന്ന ഡയറിയുടെയും പെന്‍ ഡ്രൈവറിന്റെയും കാര്യം പറയുന്നുണ്ട്. ഒപ്പം ചില മസാലക്കഥകളും പറഞ്ഞുകേള്‍ക്കുന്നു. ഇവരെ രക്ഷിക്കാനാണ് മമത ധര്ണ്ണയിരിക്കുന്നതെന്നും ജാവദേക്കര്‍ പരിഹസിച്ചു.
മമതയെ പിന്തുണച്ച് എത്തിയ പ്രതിപക്ഷ നേതാക്കളെയും ജാവദേക്കര്‍ പരിഹസിച്ചു. ഇവരില്‍ പലരും ജാമ്യത്തില്‍ ഇറങ്ങിയവരോ അന്വേഷണം നേരിടുന്നവരോ ആണ്. പ്രദേശികതയുടെ പേരില്‍ തകര്‍ന്നുപോയ മഹാഗത്ബന്ധന് അഴിമതിയുടെ പേരില്‍ ഒരുമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






