മുംബൈ: ആര്.എസ്.എസിനെ പുകഴ്ത്തി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍. വ്യക്തി സ്വാതന്ത്ര്യത്തെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ആര്.എസ്.എസിന്റെ പോഷക സംഘടനകളെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ വഴികളിലൂടെയാണ് സംഘം മുന്നേറി വരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാംതേകില് ആര്.എസ്.എസ് മുന്‍ സര്‍സംഘചാലക് ഗോള്‍വാക്കറിന്റെ ഓര്‍മ്മയ്ക്ക് കവികുലഗുരു വിശ്വവിദ്യാലയത്തില്‍ സ്ഥാപിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെഡ്ഗെവാര്‍ വിത്ത് പാകിയിട്ട് പോയ ആര്.എസ്.എസ് ഇന്ന് വളര്‍ന്ന് വലുതായി ലോകം മുഴുവന്‍ ശാഖകളുള്ള വന്മരമായി നിലനില്ക്കുന്നു. കഠിനമായ വഴികളിലൂടെയായിരുന്നു സംഘത്തിന്റെ വളര്‍ച്ച. ഗാന്ധി വധത്തിന് ശേഷം 1948ല്‍ നിരോധിച്ചതിന് ശേഷമാണ് സംഘത്തിന്റെ കഠിനകാലമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്.എസ്.എസിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ ഗുരുജി സര്‍ക്കാരിനെ വെല്ലുവിളിച്ചു. 1949 ജൂലൈ 12നാണ് നിരോധനം നീക്കിയത്. ഗോള്‍വാക്കറിന്റെ തുടര്‍ച്ചയായ ശ്രമഫലമായാണ് നിരോധനം നീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






