ന്യുഡല്‍ഹി: സി.ബി.ഐയില്‍ നിന്ന് എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതി. ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ പീഡനം അന്വേഷിച്ചിരുന്ന എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവു കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 12ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശര്‍മ്മയുടെ സ്ഥലം മാറ്റത്തില്‍ ഇടപെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എ.കെ ശര്‍മ്മയുടെ സ്ഥലം മാറ്റം കോടതി അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും സുപ്രീം കോടതിയുടെ വിധി വച്ച് കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി.
നാഗേശ്വര റാവു അടക്കം രണ്ട് ഉദ്യോഗസ്ഥരാണ് ശര്‍മ്മയുടെ സ്ഥലം മാറ്റത്തിന് പിന്നിലെന്ന് സി.ബി.ഐയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബീഹാറിലെ ഷെല്‍ട്ടര്‍ ഹോം പീഡനങ്ങള്‍ അന്വേഷിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു എ.കെ ശര്‍മ്മ. അദ്ദേഹത്തെ സ്ഥലം മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നാഗേശ്വര റാവു ശര്‍മ്മയെ സ്ഥലം മാറ്റിയത്.
സി.ബി.ഐ ഇടക്കാല ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സി.ബി.ഐ വിശദീകരണം നല്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ അലംഭാവം അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.






