
തൃശ്ശൂര്‍: ആലത്തൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളി പ്രസിദ്ധ ഫുട്ബോള്‍ താരം ഐ.എം. വിജയന്. തനിക്കൊരു രാഷ്ട്രീയക്കാരന് എന്ന് അറിയപ്പെടാന്‍ താത്പര്യമില്ലെന്നും വിജയന് പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ലെന്നും വിജയന് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്തം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും വിജയന് വ്യക്തമാക്കി.
ഇപ്പോള്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും താരം വ്യക്തമാക്കി.
സി പി എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂര്‍ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകള്‍ കൂടുതല്‍ നേടുകയും ചെയ്തിരുന്നു.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ശേഷം കോണ്‍ഗ്രസിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഐ എം വിജയന് മുഖം തിരിച്ചതോടെ സിനിമാ താരങ്ങളെ ഇറക്കുന്നതിനാകും കോണ്‍ഗ്രസ് ശ്രമം.






