
ദേവികുളം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.രാജേന്ദ്രന് എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ പരാതി നല്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ജില്ലാ കളക്ടറേയും നേരിട്ട് ഫോണില്‍ വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് പരാതി അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം തിങ്കളാഴ്ച വിശദമായ പരാതി നല്‍കും.
മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ തടയുകയും സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദമായിരിക്കുന്നത്. നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടര്‍ന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
2010 ലെ ഹൈക്കോടതി ഉത്തരവ പ്രകാരമാണ് പുഴയോരത്തെ നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച്പി കമ്പനി പാര്‍ക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ പഴയുടെ തീരത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ തയാറാകാത്തതിനാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്്.
സ്റ്റോപ്പ് മെമ്മോ നല്കിയ രേണു രാജിന് ബുദ്ധിയില്ലെന്നും, ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ എംഎല്‍എ കളംമാറി. സബ് കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നായിരുന്നു എംഎല്‍എയുടെ മലക്കംമറിച്ചില്‍. എംഎല്‍എ എന്ന് മാത്രമാണ് അദേഹത്തെ വിളിച്ചതെന്നും നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദേഹത്തോട് പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു.






