മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന് എം.എല്‍.എ. തന്റെ പരാമര്‍ശങ്ങള്‍ സബ് കലക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എസ്. രാജേന്ദ്രന് പറഞ്ഞു. രാജേന്ദ്രനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് ഖേദ പ്രകടനം.
അതേസമയം മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ എതിര്‍ക്കുമെന്നും രാജേന്ദ്രന് പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസപ്പെടുത്തിയ എം.എല്‍.എയുടെ നടപടി ചൂണ്ടിക്കാട്ടി നാളെ സബ് കലക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കയാണ്.
മൂന്നാര്‍ പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന് എം.എല്‍.എ തടയുകയും സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തുവെന്നാണ് വിവാദം. സംഭവത്തില്‍ എം.എല്‍.എയ്ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും സബ് കലക്ടര്‍ പരാതി നല്‍കിയിരുന്നു.
എം.എല്‍.എയെ അധിക്ഷേപിച്ചുവെന്ന പരാതി സബ് കലക്ടര്‍ നിഷേധിച്ചു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കലക്ടര്‍ തന്നോട് പോയി പണി നോക്കാന്‍ പറഞ്ഞുവെന്നാണ് എം.എല്‍.എയുടെ പരാതി. എം.എല്‍.എ എന്ന് മാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും സബ് കലക്ടര്‍ വിശദീകരിക്കുന്നു.






