
കൊച്ചി: മൂന്നാറില്‍ പഞ്ചായത്തിന്റെ അനധികൃത കയ്യേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേവികുളം സബ് കലക്ടര്‍ രേണുരാജിന്റെ സത്യവാങ്മൂലം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിനു വേണ്ടി എ.ജിയുടെ ഓഫീസ് ഹര്‍ജി നല്‍കിയത്. ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന് അടക്കം അഞ്ചു പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
എം.എല്‍.എ അടക്കമുള്ളവര്‍ കോടതി വിധി മാനിച്ചില്ലെന്നും അത് ബോധപൂര്‍വ്വമായ കോടതിയലക്ഷ്യ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരന് എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണ് പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങളെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്നലെ ഹര്‍ജി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും സബ് കലക്ടറുടെ സത്യവാങ്മൂലം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല.
മൂന്നാര്‍ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ച സബ് കലക്ടറെ അധിക്ഷേപിച്ച് എസ്. രാജേന്ദ്രന് എം.എല്‍.എ രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നല്‍ സബ് കലക്ടറുടെ നിലപാടുകളെ ശരിവച്ച് കലക്ടര്‍ കെ.ജീവന്‍ബാബു ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.






