
സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ ഇന്ന് വളരെ വിരളമാണ്. എന്നാല്‍ സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് അതിനുള്ള പ്രതിഫലവും ലഭിക്കാറുണ്ട്. അഹമ്മദാബാദിലെ വഴിയോരത്തു കസേരയിട്ടു മുടിവെട്ടിക്കൊടുക്കുന്ന ബാര്‍ബറെ തേടി കഴിഞ്ഞ ദിവസം അത്തരമൊരു സമ്മാനമെത്തി. വെറും 20 രൂപയുടെ മുടിവെട്ടിന് ഈ ബാര്‍ബര്‍ക്ക് ലഭിച്ചതു 28,000 രൂപയാണ്.
നോര്‍വേയില്‍ നിന്നുള്ള ട്രാവല്‍ വിഡിയോ യൂടൂബറായ ഹാരോള്‍ഡ് ബാല്ഡറാണു കഴിഞ്ഞ ദിവസം വഴിയരികില്‍ മുടിവെട്ടാനെത്തിയത്. ട്രാവല്‍ വിഡിയോയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ക്യാമറയില്‍ സ്വയം പകര്‍ത്തിക്കൊണ്ടായിരുന്നു വരവ്. ലോകമെങ്ങും നടന്നു വിഡിയോകള്‍ ഷൂട്ട് ചെയ്ത് യൂടൂബില്‍ ഇടുന്നയാളാണ് ഹാരോള്‍ഡ്. തെരുവിന്റെ ഓരത്തായി ഒരു കസേരയും കണ്ണാടിയും മുടിവെട്ട് ഉപകരണങ്ങളും. ഇത്രയും മാത്രമായിരുന്നു കട. എന്നാലും ഹാരോള്‍ഡിനെ ബാര്‍ബര്‍ സ്വാഗതം ചെയ്തതു പുഞ്ചിരിയോടെയാണ്. മുടിവെട്ടു പുരോഗമിച്ചപ്പോള്‍ ബാര്‍ബറുടെ വെട്ടിന്റെ മികവിനെ ഹാരോള്‍ഡ് അഭിനന്ദിച്ചു. വെട്ടു കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ഹാരോള്ഡിനൊപ്പം ഒരു സെല്‍ഫിയും എടുത്തു. പോകാന്‍ നേരം എത്ര രൂപയായെന്നു ഹാരോള്‍ഡ് ബാര്‍ബറോട് ചോദിച്ചു. 20 രൂപയെന്ന മറുപടി കേട്ടപ്പോള്‍ ഹാരോള്‍ഡിന് അതിശയമായി.
ഇരുപത് രൂപ കൊടുത്ത ശേഷം അടുത്തു കണ്ട ഇംഗ്ലീഷ് അറിയാവുന്ന ഒരാളെ കൊണ്ടു ബാര്‍ബറുടെ വീട്ടുവിശേഷങ്ങളൊക്കെ ഹാരോള്‍ഡ് ചോദിച്ചറിഞ്ഞു. ബാര്‍ബര്‍ പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുകയാണെന്നും രണ്ട് മക്കളുണ്ടെന്നുമൊക്കെ മനസ്സിലാക്കി. തന്റെ യാത്രയ്ക്കിടയില്‍ പല തരത്തിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. വിദേശിയാണെന്നു കണ്ടു കഴിഞ്ഞാല്‍ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ലോകത്തെങ്ങുമില്ലാത്ത വില ഈടാക്കുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും. അതിനിടയ്ക്ക് ഇത്രയും സത്യസന്ധനായ ഒരു സാധാരണക്കാരനെ കണ്ടപ്പോള്‍ ഹാരോള്ഡിനു സന്തോഷം അടക്കാന്‍ സാധിച്ചില്ല. പോകുമ്പോള്‍ ഒരു കെട്ടു നോട്ടും കയ്യില്‍ വച്ചു കൊടുത്തു. നോക്കിയപ്പോള്‍ 400 ഡോളര്‍. ഈ പണം പുതിയ ഉപകരണങ്ങള്‍ വാങ്ങാനും കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുമുള്ള തന്റെ സംഭാവനയാണെന്നു പരിഭാഷകന് വഴി ഹാരോള്‍ഡ് ബാര്‍ബറോട് പറഞ്ഞു. ബാര്ബറോടൊപ്പം ഒരു ചായയും കുടിച്ചിട്ടാണു ഹാരോള്‍ഡ് പോയത്.






