
പകയുടെ കണക്കുപുസ്തകം സൂക്ഷിക്കുന്ന കണ്ണൂര്‍ അക്രമരാഷ്ട്രീയശൈലി സമീപജില്ലകളിലേക്കും വ്യാപിക്കുന്നു. കേരളത്തില്‍ എവിടെയും ക്വട്ടേഷന്‍ ഏറ്റെടുക്കാവുന്ന വിധം ശക്തമാണു കണ്ണൂരിലെ പാര്‍ട്ടി ഗുണ്ടാസംഘങ്ങള്‍. ഇത്തരം സംഘങ്ങള്‍ക്കു വ്യക്തമായ രാഷ്ട്രീയസംരക്ഷണമുള്ളതിനാല് പോലീസും നിസ്സഹായരാണ്.
ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടാലും പ്രതികള്‍ക്കു ജയിലില്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നതിനു ടി.പി. കേസില്‍ ഉള്‍പ്പെടെ ദൃഷ്ടാന്തങ്ങള്‍ ഏറെ.
വടകര, നാദാപുരം മാഹി, കാസര്‍ഗോഡ് മേഖലകളിലെ രാഷ്ട്രീയകൊലപാതകങ്ങള്ക്കെല്ലാം സമാനതകളുണ്ട്.പുതുച്ചേരിയും കേരളവും അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ അതേ രാഷ്ട്രീയസാഹചര്യമാണു മാഹിയിലും. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി മാഹി രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നതു കണ്ണൂര്‍തന്നെ. മാഹിയിലെ ബാര്‍ മുതലാളിമാരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും പ്രിയപ്പെട്ടവരാണ്. ആദ്യം ഏതെങ്കിലും രാഷ്ട്രീയകക്ഷിക്കായി ആയുധമേന്തിയവരാണ് ഇവര്‍. പിന്നീടു കുഴല്‍പ്പണം, ബ്ലേഡ് പിരിവ്, സാമ്പത്തിക ഇടനില തുടങ്ങിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നു. രാഷ്ട്രീയബന്ധങ്ങള്‍ അതിനു തുണയാകുന്നു.
നിരവധി രാഷ്ട്രീയ അക്രമങ്ങളുടെ അണിയറരഹസ്യങ്ങള്‍ അറിയാവുന്ന ഇവര്‍ക്കുമേല്‍ ക്രമേണ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു നിയന്ത്രണം നഷ്ടമാകുന്നു.
മൃഗീയമായി വെട്ടിപ്പരുക്കേല്പ്പിക്കുന്നതു ക്വട്ടേഷന്‍ രാഷ്ട്രീയക്കൊലപാതകങ്ങളിലെ സമീപകാലരീതിയാണ്. പെരിയ ഇരട്ടക്കൊലപാതകത്തിലും ഇതു പ്രകടമായി. കൊടുവാള് പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
"ഇര" ഓടിരക്ഷപ്പെടാതിരിക്കാന്‍ കാല്‍മുട്ടിനു താഴെ വെട്ടിനുറുക്കുന്ന ക്വട്ടേഷന്‍ രീതിയും പെരിയയില്‍ പ്രയോഗിക്കപ്പെട്ടു. അഥവാ രക്ഷപ്പെട്ടാലും ആ കാല് ഒരിക്കലും പഴയപടിയാകില്ല. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും നീക്കങ്ങള്‍ കൊലയാളിസംഘം നിരീക്ഷിച്ചിരുന്നെന്നു പോലീസ് പറയുന്നു.
ഇതും ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. പ്രാദേശികസഹായത്തോടെയാണു ശരത്തിന്റെയും കൃപേഷിന്റെയും നീക്കങ്ങള്‍ കൊലയാളിസംഘം പിന്തുടര്ന്നത്. വധഭീഷണി സംബന്ധിച്ച് ഉദുമ എം.എല്‍.എ: കെ.കുഞ്ഞിരാമനെ വിവമറിയിച്ചിരുന്നതായി ശരത്തിന്റെ പിതൃസഹോദരന് പറയുന്നു.
കെ. സുജിത്ത്






