
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ്ങ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പില്‍ 'സൗരഭ്യ'ത്തോടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 245.0 എന്ന റെക്കോര്‍ഡ് സ്കോറോടെ സൗരഭ് ചൗധരിയാണ് സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ വര്‍ഷം യുത്ത് ഒളിമ്പിക്സില്‍ സെര്‍ബിയയുടെ ഡാമിര്‍ മൈക്കിനെ മറികടന്ന് 245 പോയിന്റോടെ സൗരഭ് സ്വര്‍ണ്ണം നേടിയിരുന്നു. ന്യൂഡല്‍ഹിയിലെ കര്‍ണി സിങ് ഷൂട്ടിങ്ങ് റെയ്ഞ്ചിലെ സൗരഭ്യനേട്ടത്തോടെ 2020 ടോക്യയോ ഒളിമ്പിക്സിനു സൗരഭ് നേരിട്ട് യോഗ്യത നേടി.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ജൂനിയര്‍ വിഭാഗത്തിലെ ലോക റേക്കോര്‍ഡും സൗരഭിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ ജേതാവായ സൗരഭ് ചൗധരി 245 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ സെര്‍ബിയയുടെ ഡാമി മൈക്ക് 239.3 പോയിന്റോടെ വെള്ളി നേടി. 215 പോയിന്റു നേടിയ ചൈനയുടെ വേ പാങിനാണ് വെങ്കലനേട്ടം.
എട്ടു പേരടങ്ങിയ ഫൈനലില്‍ 5.7 പോയിന്റുകള്‍ക്ക് മുന്നിലെത്തിയാണ് വ്യക്തമായ ആധിപത്യത്തോടെ സൗരഭ് സ്വര്‍ണ്ണം വീഴ്ത്തിയത്. അവസാന ഷോട്ടിനു മുമ്പ് തന്നെ സൗരഭ് സ്വര്‍ണ്ണം ഉറപ്പിച്ചിരുന്നു. ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മ, രവീന്ദ്രര്‍ സിങ് എന്നിവര്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല സ്വര്‍ണ്ണം നേടിയിരുന്നു. ലോക റെക്കോര്‍ഡോടെ ആയിരുന്നു അപൂര്‍വിയുടെ സ്വര്‍ണ്ണനേട്ടം. സൗരഭിന്റെ സീനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണ്ണനേട്ടമാണിത്.






