
ഹനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച ഈ ആഴ്ച അവസാനം വിയറ്റ്നാമില്‍ നടക്കും. ഇതിനു മുന്നോടിയായി കിം വിയറ്റ്നാമിലെത്തി. ട്രംപ് ചൊവ്വാഴ്ച വിയറ്റ്നാമില്‍ എത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാകൂ.
പ്യോങ്ഗ്യാങില്‍ നിന്നും കിമ്മിനെയും ഉന്നത ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിന്‍ ഡോങ് ഡാങ് സ്റ്റേഷനില്‍ എത്തി. അവിടെനിന്നും കാര്‍ മാര്‍ഗമാണ് കിം ഹനോയിലേക്ക് പുറപ്പെട്ടത്.
പച്ചയും മഞ്ഞയും നിറത്തിലുള്ള പ്രത്യേക ട്രെയിന്‍ രണ്ടു ദിവസംകൊണ്ട് 4,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡോങ് ഡാങില് എത്തിയത്. 21 കാരിയേജുകളുള്ള ഈ ട്രെയിന്‍ പൂര്‍ണ്ണമായും ബുള്ളറ്റ്പ്രൂഫാണ്. കോണ്‍ഫറന്‍സ് മുറികള്‍ അടക്കം അത്യാഡംബരപൂര്ണ്ണമാണ് ട്രെയിന്‍. ചൈന വഴിയാണ് ട്രെയിന്‍ കടന്നുപോയത്. ഈ സമയം ചൈനയിലെ റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഡോങ് ഡാങ് സ്റ്റേഷനില്‍ കിമ്മിന് രാജകീയ വരവേല്പാണ് ലഭിച്ചത്. അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ദേശീയ പതാകകളേന്തിയ ആയിരങ്ങളാണ് കിമ്മിനെ സ്വീകരിക്കാന്‍ സറ്റേഷനില്‍ എത്തിയത്. ചുവപ്പ് പരവതാനി വിരിച്ചാണ് കിമ്മിനെ എതിരേറ്റത്.
ട്രെയിനില്‍ നിന്ന് ഇറങ്ങിയ കിമ്മിനെ സുരക്ഷാ ഗാര്‍ഡുകളും ഉദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളും വളഞ്ഞു. ഇതോടെ പൊതുജനങ്ങള്‍ക്കു മുന്പില് കുറച്ചുനേരം ഫോട്ടോയ്ക്ക് നിന്നശേഷമാണ് കിം തനിക്കായി ഒരുക്കിയ ലിമോസിന് കാറില്‍ കയറിയത്. കാറില്‍ നിന്നും പുറത്തേക്ക് കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്താണ് കിം ഹനോയിലേക്ക് പോയത്.
ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങളാണ് ട്രംപും കിമ്മും ചര്‍ച്ച ചെയ്യുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇരുവരും സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.