
ബീജിംഗ്: ഇന്ത്യയെയും പാകിസ്താനെയും അണുവായുധ രാജ്യമായി ഒരിക്കലും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ടാമതും കൂടിക്കാഴ്ച നടത്തുന്ന കിംഗ് ജോംഗ് ഉന്നിന്റെ ഉത്തര കൊറിയയോടും അതേ നിലപാട് തന്നെയെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയേയും പാകിസ്താനേയും ആണവ രാജ്യങ്ങളായി പരിഗണിക്കില്ലെന്ന ചൈനയുടെ നിലപാടിന് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ബീജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞത്.
ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ലു കാംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും പോലെ ആണവ ശക്തിയായി ഉത്തരകൊറിയയെ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയേയും പാകിസ്താനെയും തന്നെ ആണവശക്തിയായി കരുതുന്നില്ല എന്നായിരുന്നു മറുപടി. ആണവ നിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം നിരസിച്ചതിനെ തുടര്‍ന്ന് ട്രംപും കിമ്മും തമ്മില്‍ ഹാനോയില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാംഗിന്റെ പ്രസ്താവന.
ആണവ നിര്വ്യാപകന കരാറില്‍ ഒപ്പു വെയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആണവ വിതരണ രാജ്യങ്ങളാ(എന്‍എസ്ജി) യ 48 അംഗ ഗ്രൂപ്പിലേക്ക് ഇന്ത്യയുടെ പ്രവേശനം തടയുന്നവരില്‍ പ്രമുഖരാണ് ചൈന. ഇന്ത്യയും പാകിസ്താനും എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ചൈന ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എതിര്‍ക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളം സംയമനം പാലിക്കാനും ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാനും ചൈന ആവശ്യപ്പെട്ടിരുന്നു. പാക് ഭീകരന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ ആവശ്യത്തിന് തടസ്സവും ചൈനയാണ്.






