ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരവെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. എത്ര പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്നോ നാളെയോ വ്യക്തമാകുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനില്‍ പോയി അന്വേഷിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബി.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചോദിക്കുകയാണ് എത്ര ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന്. ഇന്നോ നാളെയോ അക്കാര്യങ്ങളില്‍ വ്യക്തത വരും. പാക്കിസ്ഥാനും അവരുടെ നേതാക്കള്‍ക്കും അറിയാം എത്ര പേര് കൊല്ലപ്പെട്ടുവെന്ന്.
വ്യോമാക്രമണത്തിന് മുമ്പ് ഏകദേശം 300 മൊബൈല്‍ ഫോണുകള്‍ ബാലാകോട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകര ക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടതോടെ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് പ്രദേശത്ത് പരിശോധന തുടങ്ങിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ആക്രമണത്തിന് ശേഷം വ്യോമസേന എത്ര പേര് കൊല്ലപ്പെട്ടുവെന്ന കണക്ക് എടുക്കാനാണോ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. രാഷ്ട്ര നിര്‍മ്മിതിക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി മാത്രമാകരുത്.
പുല്‍വാമ ആക്രമണത്തിന് മറുപടിയായി ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ എണ്ണം പറയാതെയായിരുന്നു പ്രതിരോധ മന്ത്രിയുടെ നിലപാട്. വ്യോമാക്രമണം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്നുമായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.






