
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബേര്‍ട്ട് വദ്രയെ കുത്തി ബിജെപി. തന്റെ പേരിനേറ്റ കളങ്കം മാറുന്നതു വരെ താന്‍ രാജ്യം വിടുകയോ, സജീവ രാഷ്ട്രീയത്തിലിറങ്ങുകയോ ഇല്ലെന്ന റോബേര്‍ട്ട് വദ്രയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ബിജെപിയുടെ പരിഹാസം. ഇപ്പോള്‍ നിങ്ങള്‍ ഭാരത് രത്നയ്ക്ക് അര്‍ഹനാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റോബേര്‍ട്ട് വദ്ര പ്രിയങ്കയ്ക്കു പിന്നാലെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന സഭ്യൂഹങ്ങള്ക്കിടെയായിരുന്നു വദ്രയുടെ പ്രതികരണം. ഞാന്‍ ഈ രാജ്യത്ത് തന്നെയുണ്ട്. പലരും കൊള്ളയടിച്ച് ഈ രാജ്യം വിട്ട് പോയിട്ടുണ്ട്. അവരെല്ലാം ഇപ്പോള്‍ എവിടെയാണ്? ഞാന്‍ എപ്പോഴും ഈ രാജ്യത്തുടനീളം സഞ്ചരിക്കുന്നു. ഞാന്‍ കുറ്റവിമുക്തനാകുന്നതു വരെ രാജ്യം വിടുകയോ, സജീവ രാഷ്ട്രയത്തിലേക്ക് പ്രവേശിക്കുകയോ ഇല്ല. ഇതെന്റെ വാക്കാണ്. എന്നായിരുന്നു വദ്രയുടെ പ്രതികരണം.
റോബേര്‍ട്ട് വദ്ര സത്യസന്ധനാണ്. കൊള്ളയടിച്ചുവെന്ന് അംഗീകരിച്ചതിന് നന്ദിയുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഫാമിലി കോട്ടയ്ക്ക് അര്‍ഹനാണ്. അതേസമയം സാമ്പത്തിക തട്ടിപ്പ് കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. 23,000 പേജുള്ള രേഖകള്‍ മുഴുവന്‍ ആവശ്യപ്പെട്ട് വദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.






