
തിരുവനന്തപുരം: വടകരയില്‍ പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും. എം.വി. ജയരാജനു പകരം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയേയാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും.
പി ജയരാജന് വടകരയില്‍ മത്സരിക്കാനെത്തുന്നതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ട സ്ഥിതി ഉണ്ടായത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയമാണ് പിണറായിയുടെ കൂടെയെത്തുമ്പോള്‍ ശശിക്കു തുണയാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിശ്വസ്തനായാണ് അഭിഭാഷകന്‍കൂടിയായ ശശി അറിയപ്പെടുന്നത്. സി.പി.എം. 16 സീറ്റിലും സി.പി.ഐ. നാലു സീറ്റിലും മത്സരിക്കാന്‍ ധാരണയായതായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന് പത്രസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ 10 ന് ആരംഭിക്കും.
പാലക്കാട് 10 നും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ 11 നും കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളില്‍ 12 നും തിരുവനന്തപുരത്തു 13നും വയനാട്, പൊന്നാനി എന്നിവിടങ്ങളില്‍ 14 നുമാണ് കണ്‍വന്‍ഷനുകള്‍. 20 നു മുന്‍പായി എല്ലാ മണ്ഡലത്തിലും തെരഞ്ഞെടുപ്പു സംഘാടക സമിതികള്‍ രൂപീകരിക്കുമെന്നും വിജയരാഘവന് പറഞ്ഞു.






