
ഗാസിയാബാദ്: അറസ്റ്റ് വാറന്റ് നീക്കണമെന്ന് ഹര്‍ജി നല്കിയ പ്രതിയോട് വൃക്ഷത്തൈ നടണമെന്ന ഉപാധി മുന്നോട്ടുവെച്ച് കോടതിയുടെ നാടകീയനീക്കം. ബലാത്സംഗ കേസിലെ പ്രതിയോടാണ് അറസ്റ്റ് വാറന്റ് നീക്കാന്‍ അഞ്ച് വൃക്ഷത്തൈകള്‍ നടണമെന്ന് ഗാസിയാബാദ് കോടതി ആവശ്യപ്പെട്ടത്.
ബലാത്സംഗ കേസിലെ പ്രതിയായ ലോനി സ്വദേശിയായ രാജു ഏലിയാസ് കല്ലു എന്നയാള്‍ക്കാണ് ഫാസ്റ്റ് ട്രാക്ക് കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി രാകേഷ് വശിഷ്ത ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിന്റെ വിചാരണയില്‍ ഇയാള്‍ കഴിഞ്ഞ ആറു മാസമായി എത്താതിരുന്നതോടെയാണ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഇതേതുടര്‍ന്ന് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തൈ നട്ടു പിടിപ്പിച്ചതിനു ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.






