ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്.
ആന്ധ്രപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. ജൂണ്‍ 18നാണ് ആന്ധ്ര നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ടി.ഡി.പിയാണ് നിലവില്‍ ആന്ധ്രയിലെ ഭരണകക്ഷി. അരുണാചല്‍ പ്രദേശിലും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 60 അംഗ അരുണാചല്‍ നിയമസഭയുടെ കാലാവധി ജൂണ്‍ 1ന് അവസാനിക്കും.
ഒഡീഷയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനം. ഒഡീഷയിലെ 147 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ഏപ്രില്‍ 11 മുതല്‍ നാല് ഘട്ടങ്ങളായാണ് ഒഡീഷയിലെ തിരഞ്ഞെടുപ്പ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 32 സീറ്റുള്ള സിക്കിം നിയമസഭയുടെ കാലാവധി മെയ് 27ന് അവസാനിക്കും.
അതേസമയം ഗവര്‍ണര്‍ ഭരണം തുടരുന്ന ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.






