അമരാവതി: ആന്ധ്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി. ടി.ഡി.പി പ്രതിനിധി സംഘം ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. സീലിംഗ് ഫാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ തിരഞെഞ്ഞടുപ്പ് ചിഹ്നമായതിനാല്‍ അത് നീക്കം ചെയ്യണമെന്നാണ് ആവശ്യം.
ആന്ധ്രയിലെ സര്‍ക്കാര്‍ ഓഫീസുകളിലുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തത്. ഇതില്‍ പ്രകോപിതരായാണ് വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ സീലിംഗ് ഫാനുകളും നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ടി.ഡി.പിയുടെ പരാതി സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാമെന്ന് തഹസില്‍ദാര്‍ ജനാര്‍ദ്ദന ഷെട്ടി പറഞ്ഞു. ടി.ഡി.പിയുടെ പ്രാദേശിക നേതാവ് ജയശങ്കറിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ എത്തിയാണ് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും പ്രതിമകള്‍ മറയ്ക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെയെങ്കില്‍ സീലിംഗ് ഫാനിന്റെ കാര്യത്തിലും പെരുമാറ്റച്ചട്ടം ബാധകമാകണമെന്ന് ടി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. സീലിംഗ് ഫാനുകള്‍ കണ്ടാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടിയുടെ ആരോപണം. ആന്ധ്രയില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടക്കുന്നത്.






