തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ടോം വടക്കന്‍ ശല്യക്കാരനായിരുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ലോക്സഭാ സീറ്റ് കിട്ടാന്‍ വേണ്ടി രണ്ടാഴ്ച മുമ്പ് വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.
തൃശൂര്‍ ലോക്സഭാ സീറ്റിന് വേണ്ടിയാണ് വടക്കന്‍ ശല്യം ചെയ്തുകൊണ്ടിരുന്നത്. എങ്ങനെയെങ്കിലും സീറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിനെ വിളിച്ചുകൊണ്ടിരുന്നത്. മുന്ന് ദിവസത്തിനുള്ളില്‍ ടോം വടക്കനുണ്ടായ മനപരിവര്‍ത്തനം അത്ഭുതപ്പെടുത്തുന്നതാണ്. ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
ഏതാനും ദിവസം മുമ്പ് വരെ നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തിയ ടോം വടക്കന്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുകയാണ്. മോഡിയുടെ ഗുണദോഷങ്ങള്‍ പലതും നമുക്കറിയാം. മോഡിയുടെ പല കാര്യങ്ങളും ടോം വടക്കനാണ് തന്നോട് പറഞ്ഞിട്ടുള്ളത്. മോഡിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനെക്കുറിച്ച് കുശാഗ്രബുദ്ധിയെക്കുറിച്ചെല്ലാം ടോം വടക്കനാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലീം ലീഗിനോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എം.പിമാര്‍ കൂടുതലായി പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ലീഗിന് മനസിലായിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. വി.എം സുധീരന് മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ താല്‍പ്പര്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.






