ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുത്തേക്കും. മുസ്ലീമിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടായ സങ്കരസന്താനമാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു അനന്ത് കുമാറിന്റെ അധിക്ഷേപ പ്രസ്താവന. ഹെഗ്ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഉത്തര കന്നഡയില്‍ നടത്തിയ റാലിയിലായിരുന്നു ഹെഗ്ഡെയുടെ വിവാദ പ്രസ്താവന. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണോ ഹെഗ്ഡെയുടെ പ്രസ്താവനയെന്ന് പരിശോധിക്കും. പെരുമാറ്റച്ചട്ടം വന്നതിന് ശേഷമാണ് വിവാദ പ്രസ്താവനയെങ്കില്‍ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ഹെഗ്ഡെയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്നായിരുന്നു അനന്ത് കുമാറിന്റെ വിവാദ പ്രസ്താവന. രാഹുല്‍ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെങ്കില് അക്കാര്യം തെളിയിക്കാന്‍ ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്ഡെ ചോദിച്ചിരുന്നു.






