അമരാവതി: തിരഞ്ഞെടുപ്പ് ആയതോടെ ആന്ധ്രയിലും കൂടുവിട്ട് കൂടുമാറ്റം. നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രയില്‍ സീറ്റ് മോഹികളായ ടി.ഡി.പി നേതാക്കള്‍ കൂട്ടത്തോടെ വൈ.എസ്.ആര് കോണ്‍ഗ്രസിലേക്ക്. ഭരണകക്ഷിയില്‍ സീറ്റ് പ്രതീക്ഷിക്കുന്ന നേതാക്കള്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ വൈ.എസ്.ആര് കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം സീറ്റ് ലഭീക്കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് നില്‍ക്കുമെന്ന നിലപാടിലാണ് നേതാക്കള്‍.
സുനില്‍ ചലമലഷെട്ടി, വംഗ ഗീത, ബുട്ടാ രേണുക, റായപതി സാംബശിവ റാവു, കൊണതല രാമകൃഷ്ണ എന്നിവരാണ് ടി.ഡി.പിയില്‍ നിന്ന് കൊണ്ടു തന്നെ വൈ.എസ്.ആര് കോണ്‍ഗ്രസുമായി വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ നേതാക്കള്‍. മേല്‍പ്പറഞ്ഞ നേതാക്കള്‍ തങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു.
സുനില്‍ ചലമലഷെട്ടി ഈ മാസം മൂന്നിനാണ് ടി.ഡി.പിയില്‍ ചേര്‍ന്നത്. കാക്കിനട ലോക്സഭാ സീറ്റാണ് ഇയാളുടെ ലക്ഷ്യം. 2009ല്‍ പ്രജാരാജ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായും 2014ല്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കാക്കിനടയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് സുനില്‍. ഇത്തവണ ടി.ഡി.പി ടിക്കറ്റില്‍ മത്സരിക്കാനാണ് നീക്കം. വൈ.എസ്.ആര് കോണ്‍ഗ്രസ് സീറ്റ് നല്കിയാല് അങ്ങോട്ടേക്ക് തിരിച്ചു പോകാനും മടിയില്ല.
പ്രജാരാജ്യം പാര്‍ട്ടിയുടെ മുന്‍ ലോക്സഭാ എം.പിയാണ് വംഗ ഗീത. നിലവില്‍ ടി.ഡി.പിയുടെ രാജ്യസഭാ എം.പിയാണ്. എന്നാല്‍ തന്റെ പഴയ സീറ്റായ പിതാപുരം സീറ്റില്‍ നിന്ന് വീണ്ടും ലോക്സഭയില്‍ എത്തണമെന്നാണ് അവരുടെ മോഹം. ഇതിനായി രണ്ട് പാര്‍ട്ടികളോടും വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരു സീറ്റ് മോഹിയായ ബുട്ട രേണുക നിലവില്‍ കുര്‍ണൂല്‍ സിറ്റിംഗ് എം.പിയാണ്. വൈ.എസ്.ആര്.സി ടിക്കറ്റില്‍ ജയിച്ച ഇവര്‍ പിന്നീട് ടി.ഡി.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ടി.ഡി.പിയുടെ സിറ്റിംഗ് സീറ്റ് ഇത്തവണ കോണ്‍ഗ്രസ് വിട്ടുവന്ന കോട്ല സൂര്യപ്രകാശ് റെഡ്ഡിക്ക് ലഭിക്കുമെന്നാണ് സൂചന. അങ്ങനയെങ്കില്‍ രേണുക വൈ.എസ്.ആര്.സിയിലേക്ക് മടങ്ങും.
ഗുണ്ടൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് മുന്ന് തവണ വിജയിച്ച ടി.ഡി.പി എം.പിയാണ് റായാപട്ടി സാംബശിവ റാവു. ഇത്തവണ സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന. സീറ്റ് ലഭിച്ചില്ലെങ്കില്‍ റാവു വൈ.എസ്.ആര്.സിയിലേക്ക് പോകും. മറ്റൊരു പ്രമുഖനായ കൊണത്തല രാമകൃഷ്ണയും രണ്ട് പാര്‍ട്ടികളുമായും ചര്‍ച്ചയിലാണ്. ആദ്യം സീറ്റ് ലഭിക്കുന്ന പാര്‍ട്ടിയില്‍ തുടരും. അനക്കപ്പള്ളി ലോക്സഭാ സീറ്റാണ് രാമകൃഷ്ണയുടെ ലക്ഷ്യം.
നിയമസഭാ സീറ്റ് മോഹികളില്‍ നിന്നും ടി.ഡി.പിക്ക് കടുത്ത വിമത ഭീഷണിയുണ്ട്. അദല പ്രഭാകര റെഡ്ഡി, തോട്ട ത്രിമുര്‍ത്തുലു, പിതാനി സത്യനാരായണ എന്നിവര്‍ക്ക് യഥാക്രമം നെല്ലൂര്‍ റൂറല്‍, രാമചന്ദ്രപുരം, അചന്ത നിയമസഭാ സീറ്റുകള്‍ നല്‍കിയെങ്കിലും മൂന്ന് പേരും വൈ.എസ്.ആര് കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണ്.






