
വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മോസ്ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ മരിച്ചവരില്‍ മലയാളി യുവതിയും. കൊടുങ്ങല്ലൂര്‍ സ്വദേശിനിയും കൊച്ചി മാടവന പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയുമായ അന്‍സി (23)യാണ് മരിച്ചത്. ന്യൂസിലന്റ് ലിന്‍കോണ്‍ സര്‍വകലാശാലയില്‍ എം.ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭര്‍ത്താവ് നാസര്‍ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം സ്ഥിരീകരിച്ചുകൊണ്ട് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ന്യൂസിലന്റില്‍ എത്തിയത്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നാസര്‍ ന്യൂസിലന്‍ഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
അക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യൂവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് വിവരം. റെഡ്ക്രോസ് നല്കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്. വെടിവെയ്പ്പില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിവെയ്പ്പില്‍ ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ജുനത്ത് ഖാരെ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചിരുന്നു. വെടിവെയ്പ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.






