ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലും സിക്കിമിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സിക്കിമിലും അരുണാചലിലും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേക്കുമുള്ള ലോക്സഭാ സ്ഥനാര്‍ത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും.
അതിനിടെ ഹോളി ആഘോഷത്തിന്റെ പേരില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബി.ജെ.പി മാറ്റിവച്ചു. ചൊവ്വാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമ രൂപം നല്കി. എന്നാല്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ പ്രഖ്യാപനം നീട്ടിയിരിക്കുകയാണ്. തിരുവനന്തപുരം സീറ്റില്‍ കുമ്മനം രാജശേഖരന് മത്സരിക്കുമെന്ന കാര്യം മാത്രമാണ് ഉറപ്പായിരിക്കുന്നത്. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് സീറ്റ് ഉറപ്പിച്ചുവെന്നും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് മത്സരിക്കുമെന്നും ഏകദേശ ധാരണയായിട്ടുണ്ട്.
ഘടകകക്ഷികളുടെ സീറ്റുകളായ തൃശൂര്‍, കോട്ടയം, ആലത്തൂര്‍, മാവേലിക്കര, ഇടുക്കി എന്നിവടങ്ങളിലും സ്ഥാനാര്‍ത്ഥിയായി. ബി.ജെ.പി നേരിട്ട് മത്സരിക്കുന്ന സീറ്റുകളില്‍ ഇപ്പോഴും ഒന്നിലധികം പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. കോണ്‍ഗ്രസ് വിട്ടുവന്ന ടോം വടക്കന്‍, മുന്‍ പി.എസ്.സി ചെയര്മാന് കെ.എസ് രാധാകൃഷ്ണന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പട്ടികയിലുണ്ട്.






