തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ആഞ്ഞടിച്ച് പി.പി മുകുന്ദന്. ബാധ കയറിയത് പോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാറ്റണമെന്നും മുകുന്ദന് ആവശ്യപ്പെട്ടു. പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ നിരാശയിലാക്കുകയാണെന്നും മുകുന്ദന് ആരോപിച്ചു.
നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും മുകുന്ദന് പറഞ്ഞു. ടോം വടക്കന്റെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ല. ടോം വടക്കനെന്നല്ല ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാം. വടക്കനെപ്പോലെയുള്ളവര്‍ കുറച്ചുനാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും മുകുന്ദന് പറഞ്ഞു.
യു.ഡി.എഫും എല്‍.ഡി.എഫും പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. ഇത് നേതൃത്വത്തിന്റെ അപചയമാണെന്നും മുകുന്ദന് കുറ്റപ്പെടുത്തി.





