
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാതീതമായി കൊടുംചൂട് ഉയരുന്നതിനാല്‍ അംഗനവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ഉത്തരവ്. സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയോ, രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയോ പ്രവര്‍ത്തന സമയം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെയാണ് പുതിയ മാറ്റത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊടും ചുടിനെ തുടര്‍ന്ന് ചില അംഗനവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അംഗനവാടികള്‍ തുടര്‍ച്ചയായി അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരുമെന്നതിനാലാണ് പ്രവര്‍ത്തന സമയം മാറ്റി ക്രമീകരിക്കാനുള്ള നീക്കം.






