ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ വെര്‍ച്വല്‍ സിം കാര്‍ഡുകളെന്ന് കണ്ടെത്തല്‍. സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാറിടിപ്പിച്ച് കയറ്റിയ ചാവേര്‍ അക്രമിയും പാക്കിസ്ഥാനിലും കശ്മീരിലുമുള്ള ഇയാളുടെ സഹായികളും വെര്‍ച്വല്‍ കീകള്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഭീകരര്‍ ഉപയോഗിച്ച വെര്‍ച്വല്‍ സിമ്മുകളുടെ വിവരങ്ങള്‍ക്കായി ഇന്ത്യ യു.എസിനെ സമീപിക്കും.
ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ ദര് പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുദാസിര്‍ ഖാന് ത്രാളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. യു.എസിലെ ഒരു സേവനദാതാവ് നല്കിയ വെര്‍ച്വല്‍ സിമ്മുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം ഏകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വെര്‍ച്വല്‍ സിം സാങ്കേതികവിദ്യയില്‍ സേവനദാതാക്കളായ കമ്പനികള്‍ ഉപയോക്താവിന് ഒരു ഫോണ്‍ നമ്പര്‍ സൃഷ്ടിച്ച് നല്‍കുകയും ആ കമ്പനിയുടെ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാനാകും. ഇത്തരം ടെലഫോണ്‍ നമ്പറുകള്‍ ഉപയോക്താവിന്റെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് സേവനദാതാവ് നല്കുന്ന സ്ഥിരീകരണ കോഡ് ഉപയോഗിച്ച് നമ്പര്‍ പ്രവര്‍ത്തന സജ്ജമാക്കാം.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദില്‍ ദറും മുദാസിര്‍ ഖാനുമടക്കം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ഇന്ത്യ യു.എസിനോട് ആവശ്യപ്പെടുക. ഇത് ആദ്യമായാണ് വെര്‍ച്വല്‍ സിം സാങ്കേതിക വിദ്യ ഭീകരാക്രണത്തിന് ദുരുപയോഗം ചെയ്യുന്നത്.






