
ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ അവസാന നിമിഷത്തെ ഗോളില്‍ ജര്‍മ്മനി വിജയം നേടിയപ്പോള്‍ ലോകകപ്പ് റണ്ണേഴ്സുകളായ ക്രൊയേഷ്യയ്ക്ക് ഹംഗറിയോട് അപ്രതീക്ഷിത തിരിച്ചടി. ഗ്രൂപ്പ് ബിയില്‍ നടന്ന ആവേശോജ്വലമായ പോരാട്ടത്തില്‍ അവസാന നിമിഷം വരെ ഒപ്പം പിടിച്ച നെതര്‍ലണ്ടിനെ നികോ ഷൂള്‍സിന്റെ ഗോളിലാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. സാനേയും നാബ്രിയും ഷൂള്‍സും സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയപ്പോള്‍ ഡിലൈറ്റ്, ഡീപേ എന്നിവരുടെ ഗോളുകളാണ് നെതര്‍ലന്റ് പട്ടികയില്‍ ഉണ്ടായിരുന്നത്.
തോമസ് മുള്ളര്‍, ജറോം ബോട്ടെംഗ്, മാറ്റ്സ് ഹമ്മല്‍സ് യുഗം അവസാനിപ്പിച്ച് പുതുതലമുറയെ സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന ജര്‍മ്മനി ബുധനാഴ്ച സെര്‍ബിയയോട് സൗഹൃദ മത്സരം 1-1 ന് സമനില വഴങ്ങിയത് ആരാധകര്‍ കൂവി വിളിച്ചാണ് സ്വീകരിച്ചത്. തൊട്ടു പിന്നാലെ എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അവരെ വീഴ്ത്തി കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിലെത്തിയ ജര്‍മ്മനിയെ രണ്ടാം പകുതിയില്‍ നെതര്‍ലന്റ് പിടിച്ചു കെട്ടിയിരുന്നു. എന്നാല്‍ സാധാരണ സമയത്ത് അവസരങ്ങള്‍ കളഞ്ഞു കുളിച്ചതിന്റെ ക്ഷീണം അവര്‍ക്ക് ഷൂള്‍സിന്റെ ഗോളില്‍ മാറുകയായിരുന്നു.
കഴിഞ്ഞ എട്ടു മത്സരത്തിനിടയില്‍ ജര്‍മ്മനി കുറിക്കുന്ന രണ്ടാം വിജയം മാത്രമാണ് ഇത്. മറുവശത്ത് കഴിഞ്ഞ യൂറോകപ്പിലും ലോകകപ്പിലും യോഗ്യത നേടാന്‍ കഴിയാതെ പോയ ഓറഞ്ചുപട ഇത്തവണ അഭിമാനം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയ്ക്ക് പക്ഷേ ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ഹംഗറിയോട് 2-1 ന് അവര്‍ തോറ്റു. റെബിക്കിന്റെ ഗോളില്‍ 13 ാം മിനിറ്റില്‍ തന്നെ അവര്‍ മുന്നിലെത്തിയെങ്കിലും ആദം സലായ്, മേറ്റ് പാറ്റ്കായി എന്നിവരുടെ ഗോളുകളില്‍ ഹംഗറി വിജയം പിടിച്ചെടുത്തുകൊണ്ടു പോയി.
ജര്‍മ്മനിക്ക് പിന്നാലെ കരുത്തരായ ബല്‍ജിയവും വിജയം നേടി. സൈപ്രസിനെ 2-0 നായിരുന്നു ബല്‍ജിയം വീഴ്ത്തിയത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ബെല്‍ജിയം നായകന് ഈഡന് ഹസാര്‍ഡ് രാജ്യത്തിനായി സ്കോര്‍ ചെയ്തു. ക്രിസ്റ്റല്‍ പാലസ് താരം ബാറ്റ്സ്ഹുയിയായിരുന്നു രണ്ടാം ഗോളിന് ഉടമ. ലോകകപ്പ് ഹീറോ ചെറിഷേവിന്റെ ഇരട്ടഗോളില്‍ റഷ്യ കസഖിസ്ഥാനെ 4-0 ന് മുക്കി. സ്യുബ മൂന്നാം ഗോള്‍ നേടിയപ്പോള്‍ ബേസേ ബേക്കോബിന്റെ സെല്‍ഫ് ഗോളും തുണയായി.
കരുത്തരായ ഓസ്ട്രിയയെ 4-2 ന് ഇസ്രായേല്‍ അട്ടിമറിച്ചതാണ് മറ്റൊരു പ്രധാന വിശേഷം. ഓസ്ട്രിയയുടെ രണ്ടുഗോളും ആര്നോട്ടോവിക്ക് നേടി. എട്ടാം മിനറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയ ആസ്ട്രിയയെ സഹാവിയുടെ ഹാട്രിക്കിലാണ് ഇസ്രായേല്‍ മറുപടി നല്‍കിയത്. ഡാബര്‍ ആയിരുന്നു നാലാം ഗോളിനുടമ. പോളണ്ട് 2-0 ന് ലാത്വിയയെയും വെയ്ല്‍സ് ഒരു ഗോളിന് സ്ളോവാക്യയേയും തോല്‍പ്പിച്ചപ്പോള്‍ സ്ളോവേനിയ, സ്കോട്്ടലന്റ് നോര്‍ത്തേന്‍ അയര്‍ലന്റ് എന്നിവരും ഇന്നലെ വിജയം കുറിച്ച ടീമുകളായി.




