
കൊല്‍ക്കത്ത: കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൂട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബിനെ 28 റണ്‍സിന് പരാജയപ്പെടുത്തി രണ്ടാം വിജയം നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും വെടിക്കെട്ട് നടത്തിയ ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടെയും നങ്കൂരക്കാരനായി അവസാനം വരെ നിന്ന റോബിന് ഉത്തപ്പയുടെയും ബാറ്റിംഗില്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്കോര്‍ തീര്‍ത്തപ്പോള്‍ പഞ്ചാബിന്റെ മില്ലറുടെ ബാറ്റിംഗ് മികവ് പാഴായി.
ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിംഗ്സ് ഇലവന് മുന്നിലേക്ക് വെച്ചു നീട്ടിയത്. 190 റണ്‍സില്‍ കിംഗ്സ് ഇലവന് വീണു. 17 പന്തില്‍ 48 റണ്‍സ് എടുത്ത റസലായിരുന്നു കൊല്‍ക്കത്തയെ 200 കടത്തിവിട്ടത്. മൂന്ന് ഫോറുകളും അഞ്ചു സിക്സറുകളും റസല്‍ നേടി. തൊട്ടു മുമ്പ് 34 പന്തില്‍ 63 റണ്‍സ് നേടിയ നിതീഷ് റാണ രണ്ടു ബൗണ്ടറികളും ഏഴു സിക്സറുകളും പറത്തി. ഇന്നിംഗ്സില്‍ ഉടനീളം നങ്കൂരമിട്ട് ബാറ്റ് ചെയ്ത ഉത്തപ്പ 50 പന്തില്‍ 67 റണ്‍സും നേടി.
കൊല്‍ക്കത്തയ്ക്കായി ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്ന്റെ വെടിക്കെട്ടോടെയാണ് മത്സരം തുടങ്ങിയത്. വെറും ഒമ്പത് പന്തില്‍ നിന്ന് മൂന്നു സിക്സും ഒരു ബൗണ്ടറിയുമടക്കം നരെയ്ന് 24 റണ്‍സെടുത്തു. ഓപ്പണര്‍ ലിന്നിനെ പത്തിനും നരേനെയും നഷ്ടപ്പെട്ട ശേഷമാണ് റോബിന് ഉത്തപ്പ ഇന്നിംഗ്സ് ഏറ്റെടുത്തതും റാണയും റസ്സലുമായും ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയതും. ഉത്തപ്പ - റാണ സഖ്യം മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ച് 110 റണ്‍സാണ് കൊല്‍ക്കത്ത സ്കോറിലേക്ക് ചേര്‍ത്തത്. ഉത്തപ്പ - റസ്സല്‍ സഖ്യം വെറും 31 പന്തില്‍ നിന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ......
കഴിഞ്ഞ കളിയില്‍ മങ്കാദിങ് പ്രയോഗത്തിലൂടെ വിവാദ പുരുഷനായി മാറിയ പഞ്ചാബ് നായകന് അശ്വിനു തന്നെയാണ് പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തല്ലു കൊണ്ടത്. നാല് ഓവറില്‍ 47 റണ്‍സാണ് അശ്വിന് വഴങ്ങിയത്. ഇന്ത്യന്‍ പേസര്‍ ഷമിയെയും കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര് വെറുതേ വിട്ടില്ല. ഷമി എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സാണ് റസ്സലിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം കുറിച്ച മില്ലറിന്റെയും മായങ്ക് അഗര്‍വാളിന്റെയും ബാറ്റിംഗ് പാഴായി. 40 പന്തില്‍ 59 റണ്‍സാണ് മില്ലര്‍ നേടിയത്. അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സും പറന്നു. 58 റണ്‍സ് എടുത്ത അഗര്‍വാള്‍ 34 പന്തുകളില്‍ നിന്നുമാണ് ആ നേട്ടത്തില്‍ എത്തിയത്. ആറ് ബൗണ്ടറികളും ഒരു സിക്സറും പറത്തി. 15 പന്തില്‍ 33 റണ്‍സ് എടുത്ത മന്ദീപ് സിംഗ് വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും കൊല്‍ക്കത്തയെ കീഴ്പ്പെടുത്താനായില്ല. അവസാന ഓവറില്‍ 42 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. 14 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.
ഓപ്പണറായി എത്തിയ കെ എല്‍ രാഹുലിനെയും വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെയും തുടക്കത്തിലേ തടയിടാന്‍ കഴിഞ്ഞതാണ് കൊല്‍ക്കത്തയ്ക്ക് മേല്‍ക്കൈ നല്‍കിയത്. 13 പന്തില്‍ രണ്ടു ഫോറും രണ്ടു സിക്സറുമായി 20 റണ്‍സ് എടുത്ത ഗെയ്ലിനെ റസല്‍ പ്രസിദ്ധ് കൃഷ്ണയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. കെ എല്‍ രാഹുലിനെ ഒരു റണ്‍സില്‍ തന്നെ ഫെര്‍ഗൂസാന്‍ കുല്‍ദീപ് യാദവിന്റെ കയ്യില്‍ എത്തിച്ചു. രാജസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാന് ആ മികവ് ഈഡനില്‍ തുടരാനായില്ല. 13 പന്തില്‍ 13 റണ്‍സിനും പുറത്തായി.




