ന്യുഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് ഹിന്ദു സമൂഹത്തിനാകെ കളങ്കമായെന്നും കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദു ഭീകരവാദം എന്ന വാക്ക് കോണ്‍ഗ്രസാണ് സൃഷ്ടിച്ചത്. ഈ തിയറി സൃഷ്ടിക്കാനായി വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസാണ് കേസ് ഫയല്‍ ചെയ്തതെന്നും ജെയ്റ്റലി ആരോപിച്ചു.
വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്തുവെങ്കിലും കോടതി അതില്‍ തീരുമാനമെടുത്തു. യാതൊരു തെളിവും ഇല്ലാത്ത കേസാണ് സംഝോത എക്സ്പ്രസ് കേസ്. ഹിന്ദു തീവ്രവാദം എന്ന വാക്ക് രൂപീകരിച്ചവര്‍ തന്നെ ഇപ്പോള്‍ ദൈവവിശ്വാസം പ്രചരിപ്പിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
ആര്.എസ്.എസ് പോഷക സംഘടനയുടെ നേതാവായിരുന്ന സ്വാമി അസീമാനന്ദ അടക്കമുള്ളവര്‍ പ്രതികളായരുന്ന കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. 68 പേര് മരിച്ച സ്ഫോടനത്തില്‍ വേണ്ടത്ര തെളിവ് ഹാജരാക്കിയില്ലെന്നും അതിനാല്‍ വേദനയോടെയാണ് പ്രതികളെ വെറുതെ വിടുന്നത് എന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
പ്രതികളെ വെറുതെ വിട്ട കോടതി വിധി ചരിത്രപരമെന്നാണ് നേരത്തെ ബി.ജെ.പി നേതൃത്വം വിശദീകരിച്ചത്. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന സംഝാത എക്സ്പ്രസില്‍ 2007 ഫെബ്രുവരി 18നാണ് സ്ഫോടനമുണ്ടായത്. പാക്കിസ്ഥാന് മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആകെ 68 പേര് കൊല്ലപ്പെട്ട സ്ഫോടനത്തില്‍ 43 പേര് പാക്കിസ്ഥാന്‍കാരും 10 പേര് ഇന്ത്യക്കാരുമാണ്. 15 പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.






