
കോട്ടയം: ജലന്ധറില്‍ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ജീസസ് വൈദിക മന്ദിരത്തില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത 10 കോടിയോളം രൂപ രൂപതയിലെ സ്കൂളുകളുടെ നടത്തിപ്പിനായി സൂക്ഷിച്ചിരുന്നതയാണെന്ന വിശദീകരണവുമായി ഫാ.ആന്റണി മാടശ്ശേരി. സ്കൂളുകളിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും ശമ്പളം നല്‍കുന്നതിനും സൂക്ഷിച്ച പണമാണിതെന്നും അടുത്ത ദിവസങ്ങളില്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനിരുന്നതാണെന്നും ഫാ.മാടശ്ശേരി എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചു.
അതേസമയം, പണത്തിന്റെ ഉറവിടവും കണക്കുകളും ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റും പോലീസും അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ഫാ.മാടശ്ശേരി അടക്കം ആറു പേരെയും വിട്ടയച്ചു. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിടിച്ചെടുത്ത തുക എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടുകൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പിഴയടക്കമുള്ള നിയമനടപടികളും ഫാ.മാടശ്ശേരി അടക്കമുള്ളവര്‍ നേരിടേണ്ടിവരും.
എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ്.എസ്.പി ദ്രുവ് ദഹ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ പര്‍താപ് പുരയിലെ വൈദിക മന്ദിരത്തില്‍ നിന്ന് പണം പിടിച്ചെടുത്തത്. 9,66,61,700 രൂപയാണ് ഇന്നലെ പിടിച്ചെടുത്തത്. ഫോര്‍ഡ് എക്കോസ്പോര്‍ട്, ടയോട്ട ഇന്നോവ, മാരുതി ബ്രീസ എന്നീ വാഹനങ്ങളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ഫാ. ആന്റണി, പഞ്ചാബിലെ തരണ്‍ സ്വദേശി രച്പാല്‍ സിംഗ്, നവിമുംബൈ സ്വദേശി രവീന്ദ്രന് ലിംഗായത്ത്, ഭാര്യ ശിവാങ്കി ലിംഗായത്ത്, ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ സ്വദേശി അശോക് കുമാര്‍, ജലന്ധര്‍ സ്വദേശി ഹര്‍പാല്‍ സിംഗ് എന്നിവരാണ് പിടിയിലായത്.






