
കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഷ് ഷോ അവസാനിക്കുന്ന എസ്.കെ.എം.ജെ സ്കൂള്‍ മൈതാനിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്.
റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ത്ത് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര് താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഓടിയെത്തി. വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ഒരാളെ സ്ട്രച്ചറില്‍ എടുത്താണ് ആംബുലന്‍സിലേക്ക് കൊണ്ടുപോയത്. ഇതിനു രാഹുലും സഹായിച്ചു. അതേസമയം പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്റെ ഷൂ പ്രിയങ്കയാണ് ആംബുലന്‍സിലെത്തിച്ചത്. പരിക്കേറ്റവര്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.






