
ന്യുഡല്‍ഹി: ലോക്സഭാ ചൂട് രാജ്യത്ത് തിളച്ചു മറിയുന്നതിനിടെ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പറഞ്ഞതോടെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തു. ഗംഗയിലുടെ ബോട്ടിലൂടെ നടത്തിയ പ്രചരണത്തിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് വരാണസിയില്‍ മത്സരിച്ചുകൂടാ? എന്ന മറുപടിയാണ് പ്രിയങ്ക ഗാന്ധി നല്‍കിയത്. ഇതോടെ വരാണസിയില്‍ നരേന്ദ്രമോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന പ്രഖ്യാപനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനിടെയാണ് പ്രതീക്ഷ കെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.
കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി മോഡിക്കെതിരെ വരാണസിയില്‍ മത്സരിക്കില്ലെന്നാണ് അടുത്ത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. വരാണസിയില്‍ സ്ഥാനാര്‍ത്ഥി ആയാല്‍ അത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രചരണത്തില്‍ പ്രിയങ്ക നല്കുന്ന ഊര്‍ജ്ജം ലഭ്യമാകാതെ വരുകയും പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുകയും ചെയ്യുമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന നിര്‍ദേശമെന്നാണ് വിവരം. യുപി തിരിച്ചുപിടിക്കാനായി കോണ്‍ഗ്രസിന് പ്രിയങ്കയുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം വേണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന വികാരം. 47 കാരിയായ പ്രിയങ്ക കഴിഞ്ഞ ജനുവരിയിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക എത്തിയതോടെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് ശക്തമായ അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ചതോടെ ആ അഭ്യൂഹം മായുകയായിരുന്നു.






