ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവിയിലിരിക്കെ രാഷ്ട്രീയ പ്രചരണം നടത്തിയ രാജസ്ഥാന് ഗവര്‍ണര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. ഇതിന് പിന്നാലെ രാഷ്ട്രപതി നടപടികളിലേക്ക് കടന്നു. വിദേശപര്യടനം കഴിഞ്ഞ് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാന് ഗവര്‍ണര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം അലിഗഡില്‍ വച്ചായിരുന്നു കല്യാണ്‍ സിങ്ങിന്റെ രാഷ്ട്രീയ പ്രസ്താവന. നമ്മള് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കണമെന്നും മോഡി വീണ്ടും പ്രധാനമന്ത്രി ആകണമെന്നുമായിരുന്നു കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന. വീണ്ടും മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും കല്യാണ്‍ സിംഗ് അവകാശപ്പെട്ടിരുന്നു.
ഗവണര്‍ പദവിയും മറ്റ് ഭരണഘടനാ പദവികളും വഹിക്കുന്നവര്‍ നിഷ്പക്ഷത പാലിക്കണമെന്നാണ് ചട്ടം. കല്യാണ്‍ സിങ്ങിന്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെങ്കിലും രാഷ്്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കല്യാണ്‍ സിംഗിനെതിരായ നടപടി എന്നാണ് സൂചന.
ഗവര്‍ണര്‍ പദവി വഹിക്കുന്നവര്‍ രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് രാഷ്ട്രപതിയുടെ നിലപാട്. മുതിര്‍ന്ന ബി.ജെ.പി നേതാവായ കല്യാണ്‍ സിങ് യു.പി മുന്‍ മുഖ്യമന്ത്രി കൂടിയാണ്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. 1999-ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിങ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2014ല്‍ മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ കല്യാണ്‍ സിങ് ഗവര്‍ണറായി.






