ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി വി.കെ സിങ്. സൈന്യത്തെ മോഡി സേനയെന്ന് യോഗി വിളിച്ചതിനെക്കുറിച്ചാണ് വി.കെ സിങ്ങിന്റെ പ്രതികരണം. ബി.ബി.സി ചാനലിന് നല്കിയ മുന്‍ കരസേനാ മേധാവി കൂടിയായ വി.കെ സിംഗിന്റെ പ്രതികരണം. രാജ്യത്തിന്റെ സൈന്യത്തിനെതിരെ ഇങ്ങനെ പറയുന്നത് രാജ്യദോഹമാണെന്നും വി.കെ സിങ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പേര് പരാമര്‍ശിക്കാതെയാണ് വി.കെ സിങ്ങിന്റെ പ്രസ്താവന.
ഞായറാഴ്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി വച്ചു നല്കുമ്പോള് മോഡിയുടെ സേന വെടിയുണ്ടകളും ബോംബുകളുമാണ് അവര്‍ക്ക് നല്‍കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. കോണ്‍ഗ്രസ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മസൂദ് അറസിനെപ്പോലെയുള്ളവരെ അവര്‍ ജി എന്ന് വിളിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യോഗിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും മുന്‍ നാവിക സേനാ ചീഫ് അഡ്മിറല്‍ എല്‍. രാംദാസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് യോഗി ആദിത്യനാഥിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.






