തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്ത് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശ്രദ്ധേയമായി മാറിയ വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 22 സ്ഥാനാര്‍ത്ഥികള്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര് രാഹുല്‍ ഗാന്ധിയുടെ അപരന്മാരാണ്.
21 പേര് മത്സരിക്കുന്ന ആറ്റിങ്ങലാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ്. പത്രിക അപൂര്‍ണമായിരുന്നതിനാല്‍ അടൂര്‍ പ്രകാശിന്റെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായെങ്കിലും ഒടുവില്‍ സ്വീകരിച്ചു. ഇതിനെതിരെ ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
തൃശൂരില്‍ രണ്ട് സ്വതന്ത്രരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. എറണാകുളത്തും വയനാട്ടിലും മത്സരിക്കുന്ന സരിത എസ് നായരുടെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനിക്കും. സോളാര്‍ കേസിലെ ശിക്ഷാവിധി റദ്ദാക്കിയത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാത്തതാണ് തീരുമാനം നാളത്തേക്ക് മാറ്റാന്‍ കാരണം. രാവിലെ പത്തരയ്ക്ക് മുമ്പായി രേഖകള്‍ സമര്‍പ്പിക്കണമെന്ന് സരിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കല്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ ഓരോ മണ്ഡലത്തിലും എത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്ന് വ്യക്തമാകൂ.






