
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മകളെ കൊലപ്പെടുത്തി സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനത്തില്‍ നരക വേദന അനുഭവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരിയായ തനുജ ഭട്ടതിരി.
ഈ അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് ഒരു പ്രശ്നമായി കാണുന്നത് പലരും. അവിടെ ലൈംഗികത യാണ് പ്രശ്നം. ഒരു സ്ത്രീ തന്റെ ലൈംഗീക തൃപതിക്കുവേണ്ടി മക്കളെ വിട്ടു കൊടുത്തു. അവള് മക്കളിലൊരാളിലെ ചികിത്സക്ക് വേണ്ട പണത്തിനു വേണ്ടി അയാളെ സഹിച്ചതായിരുന്നെങ്കില്‍ നമ്മളൊക്കെ അവളെകരുണയോടെ കണ്ടേനെ. സ്ത്രീ ലൈംഗീകത ഒരു നാണം കെട്ട കാര്യമായാണ് സമൂഹം ഇന്നും കാണുന്നത്.- തനുജ ഫേസ്ബുക്കില്‍ കുറിച്ചു.
തനുജഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
എഴുതണ്ട എന്നു കരുതിയാലും ചിലപ്പോള്‍ എഴുതിപ്പോവും. ഒരമ്മയെ കുറിച്ചാണ് ആദ്യം പറയുന്നത്. മലയാളിയാണ്. അന്യ സംസ്ഥാനത്തു ജീവിക്കുന്നവരാണ് . (അച്ഛനും അച്ഛന്റെ സുഹൃത്തും രണ്ടു ചെറിയ മക്കളുമാണ് അവരുടെയൊപ്പം.) മക്കളെ നോക്കി കുടുംബം കൊണ്ടു പോകുന്ന ഒരു നല്ല അമ്മയായിരുന്നത്രെ അവര്‍. ഒരു ദിവസം മുതല്‍ അവരുടെ സ്വഭാവം മാറി തുടങ്ങി. എപ്പോഴും എല്ലാം വൃത്തിയാക്കല്‍ തുടങ്ങി. മക്കളുടെ പുറകെ നടന്ന് അവരെ വൃത്തിയുടെ പേരില്‍ ഉപദ്രവിക്കുക പതിവായി. കുട്ടികള്‍ അച്ഛനോട് പരാതി പറഞ്ഞു കൊണ്ടിരുന്നു. അച്ഛനാദ്യം ഒന്നും കാര്യമാക്കിയില്ല, മുറിയുടെ മതില് ഉള്‍പ്പെടെ എന്നും അവര്‍ വെള്ളമൊഴിച്ചു കഴുകിക്കൊണ്ടിരുന്നപ്പോഴും എന്തെങ്കിലും ചെയ്തോട്ടെ എന്നു വെച്ചു. ഒരു ദിവസം അയാളുടെ പേഴ്സിലെ രൂപയൊക്കെ എടുത്ത് വൃത്തിയാക്കാന്‍ വെള്ളത്തിലിട്ട് കഴുകിയപ്പോഴാണ് മക്കള്‍ പറഞ്ഞതിന്റെ പ്രാധാന്യം അയാള്‍ക്ക് മനസ്സിലായത്. സ്കൂള്‍ ബാഗും പുസ്തകവും വെള്ളത്തില്‍ മുക്കിവെക്കുകയും തടയാന്‍ കുട്ടികള്‍ ചെല്ലുമ്പോള്‍ അവരെ കഠിനമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അമ്മയെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. മരുന്ന് കഴിക്കാന്‍ കൊടുത്തു എന്നാല്‍ അടുത്ത ദിവസം മകന് ( അവന് ആറാം ക്ലാസ്സ് വിദ്യാത്ഥിയാണ്) ക്ലാസ് കഴിഞ്ഞ് വന്ന് കുളിമുറിയില്‍ കുളിക്കാന്‍ കയറിയതാണ്. അണുക്കളൊക്കെ ചാകട്ടെ എന്നു പറഞ്ഞ് തിളച്ച വെള്ളം മകന്റെ ശരീരത്തിലേക്ക് ആ അമ്മ കോരി കമഴ്ത്തി. പൊള്ളി പിടഞ്ഞമകന്‍ കുട്ടിയാണെങ്കിലും അമ്മയെ ശക്തമായി അടിക്കുകയും ഉന്തി താഴെയിടുകയും ചെയ്തു .അവന്റെ മുഖവും നെഞ്ചും നല്ലവണ്ണം പൊള്ളിയിരുന്നു .പിന്നീടാണ് അവിടെ വീട്ടില്‍ ' മാനേജ്' ചെയ്യാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞു നാട്ടിലേക്ക് ചികിത്സക്കു കൊണ്ടുവരുന്നത്.
ആ കുഞ്ഞു മകന് ഡോക്ടറോട് ചോദിക്കുന്നത് കേട്ടു ' അമ്മയെ ഡോക്ടറ് അഡ്മിറ്റ് ചെയ്യുല്ലേ? ഞങ്ങടെ കൂടെ വിടല്ലേ .ഇവിടെ മുറിയില്‍ കട്ടിലില്‍ കെട്ടിയിടണം. ' അതില്‍ കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. രോഗമാണല്ലേ? നാളെ എനിക്കും നിങ്ങള്‍ക്കും വരാവുന്ന ഒരു മാനസികരോഗം .ഇനി ഒരു പെണ്‍കുട്ടിയുടെ ജീവിതം പറയാം. കോളേജില്‍ പഠിക്കുന്നു. മിടുക്കി. എല്ലാവരോടും നന്നായി പെരുമാറും. ആരും ഇഷ്ടപ്പെടും. നല്ല കുട്ടി എന്ന് എല്ലാരും അവളെ കുറിച്ച് പറഞ്ഞു. താമസിയാതെ ചില മാറ്റങ്ങള്‍ വന്നു അവളില്‍. ആരെന്തു ചോദിച്ചാലും തര്‍ക്കുത്തരം പറയും. വെറുതെ വഴക്കിനു പോകും, പലരും ആദ്യം അതൊന്നും കാര്യമാക്കിയില്ല .എന്നാല്‍ അവള് പച്ചത്തെറി പറയാന്‍ തുടങ്ങിയപ്പോള്‍ അതും വീട്ടിലും കോളേജിലും മുതിര്‍ന്നവരോടും അദ്ധ്യാപകരോടും ഒക്കെ ,കേട്ടാല്‍ ചെവി പൊത്തുന്ന തെറി പറഞ്ഞു തുടങ്ങിയപ്പോള്‍ അവളെ മാനസിക രോഗത്തിനു ചികിത്സിച്ചു തുടങി. എന്നാല്‍ പ്രത്യേകിച്ച് മറ്റ് മാനസിക പ്രശ്നമൊന്നുമില്ല എന്നു കണ്ട് വീട്ടുകാര്‍ പരിഭ്രമിച്ചു. രോഗമെന്തെന്നറിഞ്ഞിരുന്നെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാമായിരുന്നല്ലോ എന്നവര്‍ പറഞ്ഞു കൊണ്ടിരുന്നു. പിന്നീടാണ് വിദഗ്ധചികിത്സയ്ക്ക് നഗരത്തിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ബ്രയിനില്‍ ട്യൂമര്‍ കണ്ടെത്തി സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ അവള്‍ക്ക് വേണ്ടിവന്നു. ആ ട്യൂമര്‍ കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ അവളിന്നും തെറിയും പറഞ്ഞ് ഏതെങ്കിലും ഭ്രാന്താശുപത്രിയിലെ അഴിക്കുള്ളില്‍ കിടന്നേനെ. മൂന്നു വര്‍ഷം മുമ്പ് ഈ പെണ് കുട്ടിയുടെ കഥ മുഴുവന്‍ പ്രശസ്ത പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ കവര്‍ സ്റ്റോറി യായിരുന്നു. മിടുക്കിയായി ആ കുട്ടി തുടര്‍ന്നു പഠിച്ചു .
ഈ രണ്ട് സ്ത്രീകളെ കുറിച്ച് പറയാന്‍ കാരണം മാനസിക രോഗം കൊണ്ടും, ശരീരത്തെ ബാധിക്കുന്ന പലതരം രോഗം കൊണ്ടും, പല സമയം ,പല മനുഷ്യര്‍ ,പല വിധത്തില്‍ പെരുമാറുന്നു. ആ സമയം ,ബോധമുള്ള, രോഗമില്ലാത്ത കുറച്ചു മനുഷ്യരുടെ ഇടപെടല്‍ ദാരുണ സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കും .തൊടുപുഴയിലെ അമ്മയെ മനോരോഗിയുടെ ആനുകൂല്യത്തോടെ കാണേണ്ട കാര്യമില്ലെങ്കിലും നമ്മളൊക്കെ സ്വയം ചില ചോദ്യങ്ങളൊക്കെ ചോദിക്കണം .ആസ്ത്രീയെ എന്നും അയാള്‍ ഉപദ്രവിക്കുമായിരുന്നു എന്നു കേള്‍ക്കുന്നു, കഠിനമായ ദേഹോപദ്രവം ഏറ്റ് പുറത്ത് പറയാനാവാതെ ശരീരത്തിനും മനസ്സിനും ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് ജീവിക്കുന്ന എത്ര സ്ത്രീകള്‍ നമ്മുടെയിടയില്‍ തന്നെയുണ്ട്. ശക്തയായ സ്ത്രീകള്‍ എന്നു കരുതുന്നപരില്‍ പോലും ഇത്തരം സ്ത്രീകളെ കാണാം. ചെറുപ്പ കാലമൊക്കെ കഴിഞ്ഞാണ് കുറച്ചെങ്കിലും സ്ത്രീകള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാവുന്നത്. അപ്പോഴേക്കും അവളുടെ ജീവിതം കഴിയാറായിരിക്കും .സ്വപ്നങ്ങള്‍ നശിച്ചിരിക്കും.
ഈ അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് ഒരു പ്രശ്നമായി കാണുന്നത് പലരും. അവിടെ ലൈംഗികത യാണ് പ്രശ്നം. ഒരു സ്ത്രീ തന്റെ ലൈംഗീക തൃപതിക്കുവേണ്ടി മക്കളെ വിട്ടു കൊടുത്തു. അവള് മക്കളിലൊരാളിലെ ചികിത്സക്ക് വേണ്ട പണത്തിനു വേണ്ടി അയാളെ സഹിച്ചതായിരുന്നെങ്കില്‍ നമ്മളൊക്കെ അവളെകരുണയോടെ കണ്ടേനെ. സ്ത്രീ ലൈംഗീകത ഒരു നാണം കെട്ട കാര്യമായാണ് സമൂഹം ഇന്നും കാണുന്നത്. ഏത് സന്ദര്‍ഭത്തിലും ഒരു കുഞ്ഞിന്റെ നേരെയുള്ള ആkraമണം തെറ്റാണെന്ന്നമ്മളറിയണം. അവന്റെ ജീവനെടുത്തതിന് കാരണമെന്തായാലും അതില്‍ ഉള്‍പ്പെട്ടവരൊക്കെ ശിക്ഷിക്കപ്പെടണം. ഇനി ഒരു കുഞ്ഞും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി മുതിര്‍ന്നവരുടെ കൈയൂക്കില്‍ പിട യാതിരിക്കണം. ലജ്ജയോടെ തലകുനിച്ച് പറയട്ടെ ഞാനെന്റെ കുട്ടികളെ അടിച്ചിട്ടുണ്ട്. നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്റെ അറിവില്ലായ്മയും എന്റെ അനുഭവക്കുറവും എന്റെ ചെറുപ്പവും എന്റെ ദേഷ്യവും എന്റെ അപകര്‍ഷതാ ബോധവും ഒക്കെ ചേര്‍ന്ന് എനിക്ക് തോന്നിയപ്പോള്‍ എന്റെ വരുതിയില്‍ ആകെ കൂടെയുള്ള എന്റെ മക്കളെ ഞാന്‍ ഉപദ്രവിച്ചു .ഭാഗ്യംകൊണ്ട് മറ്റു ചില നല്ല കാരണങ്ങളാല്‍ ഞാനവരെ അങ്ങേയറ്റം സ്നേഹിച്ചു. അതവര് മനസ്സിലാക്കാന്‍ അവരോടൊപം കളിച്ചു. ചിരിച്ചു അവര്‍ ചെയ്യുന്ന എല്ലാം ചെയ്തു. അതിനാലാവാം അവര്‍ എനിക്ക് അപ്പോളപ്പാള്‍ മാപ്പു തന്നത്, എന്റെ തെറ്റ് എന്റെ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തി തന്നതും എന്റെ മക്കളാണ്. ശരിക്കും മാതാപിതാക്കള്‍ പഠിക്കേണ്ടത് മക്കളില്‍ നിന്നാണ്. മക്കള്‍ എത്രയോ വലുതായി, ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് കുട്ടികളെ ശിക്ഷിക്കാന്‍ അച്ഛനമ്മമാര്‍ക്കല്ല ആര്‍ക്കും അവകാശമില്ലെന്നാണ്. പരസ്പരം വിധിക്കാതെ താങ്ങാ വാന്‍ മനുഷ്യര്‍ ബന്ധങ്ങള്‍ നിലനിര്‍ത്തണം ക്രൂരരായ അച്ഛനുമമ്മയും അല്ല അവര്‍ ക്രൂരരായമനുഷ്യരാണ്.






