
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എം.ജെ അക്ബര്‍ നല്കിയ അപകീര്‍ത്തിക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ കോടതി കുറ്റം ചുമത്തി. ഒരു മാധ്യമസ്ഥാപനത്തില്‍ എഡിറ്റര്‍ ആയിരിക്കേ എം.ജെ അക്ബര്‍ തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്ന പ്രിയ രമണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.
മേയ് നാലിന് തെളിവുകള്‍ രേഖപ്പെടുത്തുന്നതിനായി കേസ് വീണ്ടും പരിഗണിക്കും. പ്രഥമദൃഷ്ട്യ അപകീര്‍ത്തികരമാണ് വെളിപ്പെടുത്തലെന്ന് കോടതി കേസ് പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു.
ഡല്‍ഹി കോടതിയാണ് പ്രിയയ്ക്കെതിരെ കുറ്റം ചുമത്തിയത്. വൈകാതെ വിചാരണ ആരംഭിക്കും. കേസില്‍ പ്രിയയ്ക്ക് ഫെബ്രുവരിയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രിയയ്ക്കു പിന്നാലെ കൂടുതല്‍ യുവതികള്‍ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വിവാദത്തില്‍പെട്ടതോടെ അക്ബര്‍ ഒക്ടോബര്‍ 17ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
20 വര്‍ഷം മുന്‍പ് ഒരുമിച്ച് ജോലി നോക്കവേ അക്ബര്‍ ശല്യപ്പെടുത്തിയിരുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ എല്ലാം അക്ബര്‍ നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്ന മീടു പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയത്.






