
ലണ്ടന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദാരുണ സംഭവമെന്ന് രേഖപ്പെടുത്തുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒരു നൂറ്റാണ്ടിനൊടുവില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഇന്ത്യന്‍ ജനതയ്ക്കു നേരെയുണ്ടായ ദാരുണ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഖേദം പ്രകടിപ്പിച്ചത്.
ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയില്‍ നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് ജെര്‍മി കോര്ബിന് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണ് ബ്രിട്ടന്റെ ഖേദപ്രകടനം. ജാലിതന് വാലാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. കൂട്ടക്കൊലയില്‍ അഗാധമായി ഖേദിക്കുന്നു.'ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ പറഞ്ഞു. 2013 ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു.
1919 ഏപ്രില്‍ 13 നായിരുന്നു ജാലിയന്‍ വാലാബാഗ് നടന്നത്. ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ജീവന് വെടിഞ്ഞത്. എന്നാല്‍ 400 പേര് മാത്രമാണ് മരിച്ചതെന്നാണ് ബ്രിട്ടന്റെ വാദം. ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ജനക്കൂട്ടത്തിനു നേര്‍ക്കാണ് വെടിവെയ്പ്പ് നടന്നത്.






