
മോഡലിംഗില്‍ ആയിരുന്നു തുടക്കം. പിന്നീട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തു. അതുകൊണ്ടുതന്നെ സൗന്ദര്യം സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ചെറുപ്പം മുതല്ക്കേ ഞാന്‍ മനസിലാക്കിയിരുന്നു. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴിയില്ല. ഉള്ള സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അതിനായി അല്പം കഷ്ടപ്പെടേണ്ടിവരും.
സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആദ്യം പഠിക്കുന്ന പാഠം അതാണ്. നമുക്ക് പ്രിയപ്പെട്ടത് പലതും വേണ്ടെന്നു വയ്ക്കേണ്ടിവരും. ശരീരത്തിന് ദോഷകരമാണെന്ന് തോന്നുന്നതെന്തും ഒഴിവാക്കണം. യോഗയും എക്സര്‍സൈസും പതിവുണ്ട്. ഷൂട്ടിംഗിലാണെങ്കിലും വീട്ടിലാണെങ്കിലും ഇവ രണ്ടും മുടക്കില്ല.
സൗന്ദര്യ രഹസ്യം
സൗന്ദര്യം രഹസ്യമൊന്നുമില്ല. ചര്‍മ്മത്തിന്റെ നിറം എനിക്ക് ജന്മസിദ്ധമാണ്. ചര്‍മ്മസൗന്ദര്യത്തിന് പ്രത്യേക പരിഗണന നല്‍കാറില്ല. വിലകൂടിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോട് എന്റെ അമ്മയ്ക്ക് എതിര്‍പ്പാണ്. അതുകൊണ്ടു കുട്ടിക്കാലം മുതല്‍ ചര്‍മ്മ സൗന്ദര്യത്തിന് കൃത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കളൊന്നും ഉപയോഗിക്കാറില്ല. ആ പതിവ് ഇന്നും ഞാന്‍ തുടരുന്നു.
എന്റെ കുട്ടിക്കാലത്തുള്ള ഫോട്ടോകളില്‍ കാണുന്ന അതേ ചര്‍മ്മം തന്നെയാണ് ഇപ്പോഴുമുള്ളത്. ചര്‍മ്മത്തിന് ദോഷമുള്ള കാര്യങ്ങളൊന്നും ചെയ്യാത്തതുകൊണ്ട് അത് അങ്ങനെതന്നെ നിലനില്ക്കും. ഇതുവരെ ഞാന്‍ യാതൊരുവിധ ഫെയര്‍നസ് ക്രീമുകളും ഉപയോഗിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ഭക്ഷണപ്രിയം
രുചികരമായ ഭക്ഷണം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണമൊക്കെ ഒഴിവാക്കി. വെജിറ്റേറിയന്‍ ഭക്ഷണമാണ് തെരഞ്ഞെടുക്കുന്നത്. കുട്ടിക്കാലത്ത് ഫ്രൈഡ് ഭക്ഷണത്തോടായിരുന്നു പ്രിയം. അപ്പോള്‍ മുഖത്ത് കുരുക്കള്‍ ഉണ്ടാകാന്‍ തുടങ്ങി. ശരീരം വണ്ണം വയ്ക്കാനും. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.
ഭക്ഷണം തെരഞ്ഞെടുക്കുന്നതിലാണ് കാര്യം. ചെറു ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കഴിക്കും. ശരീരം അമിതമായി തടിക്കാതിരിക്കാന്‍ തേന്‍ സഹായിക്കും. തൈര് പണ്ടുമുതല്‍ ഇഷ്ടമാണ്. ചോറിനൊപ്പം തൈരും ചേര്‍ത്തു കഴിക്കും. ശരീരം ചൂടാകാതിരിക്കാന്‍ തൈര് നല്ലതാണ്. മധുരം പൂര്‍ണമായും ഒഴിവാക്കി. ചോക്കലേറ്റും മിഠായികളൊന്നും കഴിക്കാറില്ല.
മേക്കപ്പ് പരിമിതം
മേക്കപ്പ് ഒരു പരിധിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ചര്‍മ്മത്തിന്റെ സ്വാഭാവികത നശിപ്പിക്കും. സിനിമയ്ക്ക് പുറത്ത് ഞാന്‍ മേക്കപ്പ് ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാറുള്ളൂ. സിനിമയില്‍ മേക്കപ്പ് ആവശ്യമാണ്. എങ്കിലും കെമിക്കലുകള്‍ അധികമില്ലാത്തതരം മേക്കപ്പ് ആണ് തെരഞ്ഞെടുക്കുന്നത്. ഷൂട്ടിംഗ് ഇല്ലാതെ വീട്ടില്‍ വിശ്രമിക്കുന്ന ദിവസങ്ങളില്‍ മേയ്ക്കപ്പുകളൊന്നും ഉണ്ടാവില്ല.
വീട്ടിലുണ്ടാക്കുന്ന നാടന്‍ ഫേസ് പായ്ക്കുകളാണ് എനിക്ക് ഇഷ്ടം. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തുണ്ടാക്കുന്ന ഫേസ് പായ്ക്കിന്റെ ഗുണം മറ്റൊന്നിനും ഉണ്ടാവില്ല. പകല്‍ ഉപയോഗിക്കുന്ന മേക്കപ്പ് വൈകുന്നേരം കഴുകിക്കളയും. കഴുകിയതിനു ശേഷം മുഖത്ത് ഹെര്‍ബല്‍ സ്ക്രബ് ഉപയോഗിക്കും.
മുടയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യത്തില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുടി കൊഴിഞ്ഞുപോകുന്നതും പൊട്ടിപ്പോകുന്നതും നമ്മുടെ അശ്രദ്ധകൊണ്ടാണ്. കഴിക്കുന്ന ഭക്ഷണവും വ്യായാമവും മനസിന്റെ സന്തോഷവുമൊക്കെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതുവരെ ഷാംപൂ മുടിയില്‍ ഉപയോഗിച്ചിട്ടില്ല.
വീട്ടില്‍ തയാറാക്കുന്ന താളിപ്പൊടി ഉപയോഗിച്ചാണ് തല കഴകുന്നത്. എല്ലാദിവസവും താളിതേച്ച്മുടി കഴുകും. കാലാവസ്ഥാവ്യതിയാനം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഷൂട്ടിംഗിന് ദൂരെ സ്ഥലങ്ങളില്‍ പോയി വരുമ്പോള്‍ മുടികൊഴിയാനും പൊട്ടിപ്പോകാനും തുടങ്ങും. താളിതേയ്ക്കുന്നതുകൊണ്ട് ഈ പ്രശ്നം കുറച്ചൊക്കെ പരിഹരിക്കാനാവും.
യോഗം നല്‍കും ആരോഗ്യം
ജിം എക്സര്‍സൈസ് ശാരീരിക വ്യായാമം മാത്രം തരുമ്പോള്‍ യോഗ ശരീരത്തിനും മനസിനും ഒരുപോലെ വ്യായാമം നല്കുന്നു. മനസിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മനസിന് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ശരീരത്തില്‍ അത് പ്രതിഫലിക്കുകയുള്ളൂ. യോഗ വര്‍ഷങ്ങളായി ചെയ്യുന്നുണ്ട്. അതിനായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുന്നു.
ശരീരസൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ യോഗ നന്നായി സഹായിക്കുന്നുണ്ട്. എവിടെയും വച്ച് ചെയ്യാവുന്നതാണ് യോഗ. അതുകൊണ്ടുതന്നെ യോഗ ജീവിതത്തില്‍ ഒരിക്കലും മുടങ്ങിയിട്ടില്ല. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഞാന്‍ ജിം വര്‍ക്കൗട്ടുകള്‍ ചെയ്യും.
കാലുകള്‍ക്കും അരക്കെട്ടിനുമുള്ള എക്സര്സൈസിലാണ് ശ്രദ്ധിക്കുന്നത്. അതോടൊപ്പം കാര്‍ഡിയോ, വെയ്റ്റ്സ്, ഫ്രീ ഹാന്‍ഡ് എക്സര്‍സൈസ് എന്നിവയും പതിവുണ്ട്. വിദഗ്ധനായ ട്രെയ്നര്‍ കൂടെയുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ജിം എക്സര്‍സൈസുകള്‍.
ബാഹുബലിക്കുള്ള ഒരുക്കങ്ങള്‍
ഒരു പെണ്‍പോരാളിയാണ് അവന്തിക. ജീവന് കളഞ്ഞും എതിരാളിയെ വകവരുത്തണം എന്ന ഉറച്ച മനസോടെ ജീവിക്കുന്ന പെണ്‍കുട്ടി. അവളുടെ കണ്ണുകളില്‍ കനല് കത്തുന്നുണ്ട്. ആരെയും കൂസാത്ത ഭാവം. മുഖത്തും ശരീരത്തിലും ആ ഭാവം. ഒരു പുരുഷ പ്രകൃതം. സ്റ്റണ്ട് സീനുകളും ധാരാളം. അതുകൊണ്ടുതന്നെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശരീരം കുറച്ചുകൂടി ഉറച്ചതാവാന്‍ പ്രത്യേകം വ്യായാമമുറകള്‍ പരിശീലിച്ചു.
'സ്വഛ് ഭാരത്' കാംപയിന്
സ്വഛ് ഭാരത് ചലഞ്ചിന്റെ ഭാഗമായിരുന്നു അത്. മുംബൈയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിനോട് ചേര്‍ന്നായിരുന്നു. കുടുംബാംഗങ്ങളും മറ്റ് സമീപവാസികളും സുഹൃത്തുക്കളുമൊക്കെ അതില്‍ പങ്കെടുത്തു. നമ്മുടെ പരിസരം നാം തന്നെ ശുചിയായി സൂക്ഷിക്കണം. സിനിമാക്കാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും അതിന് മടിക്കരുത്. ആ സന്ദേശമാണ് എനിക്ക് അതിലൂടെ നല്കാനുണ്ടായിരുന്നത്. അത് തുടരുകതന്നെ ചെയ്യും. രാജ്യത്തോടുള്ള നമ്മുടെ കടമയാണത്.