
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 13 സംസ്ഥാനങ്ങളിലെ 95 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്നു ബൂത്തിലെത്തുക. ഒഡീഷ നിയമസഭയിലെ 35 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. തെക്കൻ സംസ്ഥാനങ്ങളിൽ കർണാടകയും തമിഴ്നാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇന്നാണ്.
വന്‍തോതില്‍ പണം പിടിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലും ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ത്രിപുര ഈസ്റ്റിലും വോട്ടെടുപ്പു മാറ്റി. ത്രിപുര ഈസ്റ്റില്‍ 23-നു വോട്ടെടുപ്പു നടത്തും. വിജ്ഞാപനം റദ്ദാക്കപ്പെട്ട വെല്ലൂരില്‍ എല്ലാം ആദ്യം മുതല്‍ തുടങ്ങണം. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കൾ ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തും വിജയ് യും എ ആര് റഹ്മാനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ബൂത്തിലെത്തും. ചെന്നൈ സെന്‍ട്രലിലാണ് രജനീകാന്ത് വോട്ടു ചെയ്യാനെത്തുന്നത്.






