
കണ്ണൂര്‍: വര്‍ഗ്ഗീയ ചേരിതിരിവും വര്‍ഗ്ഗീയ കലാപവും കേരളത്തിലേക്കും കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരേന്ത്യയിലെ വര്‍ഗ്ഗീയ ചേരിതിരിവും കലാപവും നടത്തിയവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ഇവിടെയുള്ളവരെ അവരുടെ പാട്ടിലാക്കാന്‍ നോക്കി. അത് തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെുടപ്പില്‍ കാണാനാകും. മത്സരം എല്ലായിടത്തും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പറഞ്ഞു.
രാജ്യത്ത് ബിജെപിയെ നേരിടുകയാണെന്ന് പറഞ്ഞു കൊണ്ട് കോണഗ്രസ് നടത്തിയ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ ഒന്നും പറയാനില്ലാത്തതിനാലാണ്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇല്ലാത്തതിനാല്‍ വസ്തുതാ വിരുദ്ധ പ്രചരണമാണ് നടത്തുന്നത്. തെറ്റിദ്ധാരണയുടെ ഭാഗമായി തങ്ങള്‍ക്ക് വോട്ടു ലഭിക്കുമെന്നാണ് ഇവരും വിചാരിക്കുന്നത്. ഇവരുടെ രണ്ടു പേരുടേയും മോഹം തകര്‍ന്നടിയുകയാണ്. ഇവിടെ ഇടതുപക്ഷം പ്രശംസനീയമായ വിജയത്തിലേക്ക് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തില്‍ ജനത പക്വതയോടും സമചിത്തതയോടും കാര്യങ്ങളെ സമീപിച്ചതാണ് മറ്റു സംസ്ഥാനങ്ങള്‍ മാതൃകാപരമായി കാണുന്നത്.
ഇന്നത്തെ ദിവസവും അത് തുടരണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് വ്യാപകമായ പരാതി നേരത്തേ മുതലുണ്ട്. അതുകൊണ്ടു തന്നെ കുറ്റമറ്റ രീതിയില്‍ യന്ത്രത്തിന് തകരാറില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. താന്‍ വോട്ടു ചെയ്തിടത്തും യന്ത്രം ആദ്യം തകരാറിലായിരുന്നു. തൊട്ടടുത്ത ബൂത്തിലും അടുത്ത പഞ്ചായത്തിലും വോട്ടിംഗ് മെഷീന് തകരാറായി. കേരളത്തില്‍ ഉടനീളം തകരാറിലായി. വോട്ടിംഗ് മെഷീന് തകരാറിലാകുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവമായി കാണേണ്ട കാര്യമാണെന്നും പിണറായി പറഞ്ഞു. രാവിലെ തന്നെ പിണറായിയിലെ ആര്‍സി അമല സ്കൂളില്‍ കുടുംബത്തോടെ എത്തി മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തി.






