
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധാ ഹര്‍ജിയുമായി പ്രതിപക്ഷപാര്‍ട്ടികള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ വ്യാപകമായി ഇ.വി.എമുകള്ക്കെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ 21 പ്രതിപക്ഷപാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തില്‍ 5 വിവിപാറ്റ് മെഷീനുകളല്ല, അന്‍പത് ശതമാനം വിവിപാറ്റ് തന്നെ എണ്ണണമെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയിലെ പ്രധാന ആവശ്യം. മുന്നാം ഘട്ട വോട്ടെടുപ്പ് നടന്ന കേരളത്തില്‍ കോണ്‍ഗ്രസിന് പോള്‍ചെയ്ത വോട്ടുകള്‍ ബിജെപിക്ക് പോയതായി പരാതി ഉയര്‍ന്നെന്നും, ഉത്തര്‍പ്രദേശിലും സമാനമായ പരാതികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ പ്രതിപക്ഷം ആരോപിക്കുന്നു.
മൊത്തം വിവിപാറ്റ് രസീതുകളും എണ്ണുക എന്ന ആവശ്യം ഉന്നയിച്ച് ഇവര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മുലവും നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാല്‍ മെയ് 23നു നിശ്ചയിച്ച ഫല പ്രഖ്യപനം നടക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചത്. മുന്‍ കോടതി വിധിക്ക് പുറകെ ഡല്‍ഹിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു.
400 പോളിംഗ് കേന്ദ്രങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യപനത്തിനു ഒന്‍പത് ദിവസങ്ങള്‍ എങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് ഒരുമണ്ഡലത്തില്‍ അഞ്ച് മെഷീനുകളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നും 50ശതമാനം വിവിപാറ്റ് രസീതുകള്‍ തന്നെ എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജിയിലൂടെ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






