
റിയോഡിജനീറോ : പൊതുസ്ഥലത്ത് പലപ്പോഴും സ്ത്രീകള്‍ക്ക് അപമാനകരമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പല സ്ത്രീകളും ഇത്തരം പെരുമാറ്റങ്ങളെ അവഗണിക്കാറാണ് പതിവ്. ചുരുക്കം ചിലര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഇപ്പോള്‍ മിക്ക സ്ത്രീകളും ശക്തമായി പ്രതികരിക്കാറുണ്ടെന്നത് തന്നെ പ്രശംസനീയമാണ്. ഇത്തരത്തിലൊരു സംഭവമാണ് ബ്രസീലില്‍ നിന്നും പുറത്ത് വരുന്നത്.
അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിന് കണക്കിന് തല്ല് കിട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇയാളെ കൈകാര്യം ചെയ്യുന്നതാകട്ടെ ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയും. നീന്തല്‍വസ്ത്രത്തിന്റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നില്ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്. കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി.
ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ നന്നായി പെരുമാറുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടിയതോടെ യുവാവ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇടിയും ചവിട്ടും കൊണ്ട് അവസാനം ബോധംകെട്ടു. ബോധം വീണതോടെ രക്ഷപ്പെടാനായി യുവാവിന്റെ ശ്രമം. എന്നാല്‍ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവെച്ചു. ഷൂട്ടിംഗിനായി ഓണാക്കിയ ക്യാമറയില്‍ യുവാവിന്റെ വീരകൃത്യങ്ങള്‍ മുഴുവന്‍ പതിഞ്ഞിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് രംഗത്തെത്തിയത്.






